
പത്തനംതിട്ട : കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമം കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ സഹായകരമാണെന്ന് കർഷക മോർച്ച ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കർഷകരെ ഇക്കാര്യത്തിൽ ബോധവത്കരിക്കുന്നതിനായി രാജ്യവ്യാപകമായി നടത്തിയ കർഷക വന്ദനപരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലും കാർഷിക ഉപകരണങ്ങൾ പൂജിക്കുന്നതും കർഷകരെ വന്ദിക്കുന്നതുമായ ഒട്ടേറെ പരിപാടികൾ നടത്തി. ട്രാക്ടർ കത്തിച്ച കോൺഗ്രസ് നടപടിയിലുള്ള പ്രതിഷേധം കൂടിയാണിത്. കോൺഗ്രസ് 2009 ലെ പ്രകടന പത്രികയിലുൾപ്പെടെ പ്രഖ്യാപിച്ച നിയമം ഇരുസഭകളും പാസാക്കിയതോടെ ദല്ലാളുമാരുടെ വക്താക്കളായി കോൺഗ്രസ് നേതാക്കൾമാറി. ഈ ബില്ലിലൂടെ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് ഇടനിലക്കാരും ദല്ലാളുമാരും മാത്രമാണ്. ഒരു വിളയുടെയും താങ്ങുവില എടുത്തുമാറ്റിയിട്ടില്ല അധികമായി റബർ ഉൾപ്പെടെയുള്ള വിളകൾക്ക് താങ്ങുവില ലഭ്യമാക്കുന്ന പ്രവർത്തനമാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. ബ്ളോക്ക് തലത്തിൽ കർഷകരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ രൂപീകരിക്കാൻ 29 ലക്ഷം കോടി രൂപയാണ് കേന്ദ്രം മാറ്റി വച്ചിരിക്കുന്നത്. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് അജയകുമാർ വല്ലുഴത്തിൽ. സംസ്ഥാന ഉപാദ്ധ്യക്ഷൻ സുഭാഷ് പട്ടാഴി, സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, സംസ്ഥാന ട്രഷറർ ജി രാജ് കുമാർ, പ്രദീപ് കുമാർ വള്ളംകുളം തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.