 
പത്തനംതിട്ട : കേരളത്തിൽ കൂടുതൽ പൊതുമരാമത്ത് വികസനം നടത്തുന്ന ജില്ലകളിൽ ഒന്നാണ് പത്തനംതിട്ടയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. എം.സി റോഡിലെ പുനരുദ്ധാരണം ചെയ്ത തിരുവല്ല ടൗൺ ഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കിലോമീറ്ററിന് നാലുകോടി രൂപ ചിലവിലാണ് എം.സി റോഡിലെ തിരുവല്ല ടൗൺ ഭാഗത്തിന്റെ രണ്ടു കിലോമീറ്റർ ഭാഗം പുനരുദ്ധാരണം ചെയ്തത്. അത്യാധുനിക രീതിയിൽ, ഫുട്ട് പാത്ത്, സുരക്ഷാ മാനദണ്ഡങ്ങൾ, വാട്ടർ അതോറിറ്റിക്കുവേണ്ടി വിവിധ വ്യാസത്തിലുള്ള ഡക്‌റ്റൈൽ അയൺ പൈപ്പുകൾ, വീതികൂട്ടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി പുനരുദ്ധാരണം ചെയ്തതു കൊണ്ടാണ് ആകെ എട്ടു കോടിയോളം രൂപ ചെലവ് വന്നത്. അമ്പലപ്പുഴ - തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി തിരുവല്ല റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവല്ല ബൈപാസിൽ മഴുവങ്ങാട് മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ കർമവും മന്ത്രി നിർവഹിച്ചു.
ആന്റോ ആന്റണി എം.പി അദ്ധ്യക്ഷനായിരുന്നു. തിരുവല്ല നഗരസഭ ചെയർമാൻ ആർ. ജയകുമാർ, കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡാർലിൻ സി. ഡിക്രൂസ്, തിരുവല്ല മുനിസിപ്പൽ കൗൺസിലർമാരായ ഏലിയാമ്മ തോമസ്, ഷീല വർഗീസ്, റീന മാത്യു, ബിജു ലങ്കാഗിരി, ഷാജി തിരുവല്ല, കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എൻജിനീയർ എൻ. ബിന്ദു, കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർ സിനി മാത്യു, അഡ്വ. ആർ സനൽകുമാർ, എൽഡിഎഫ് കൺവീനർ അലക്സ് കണ്ണമല തുടങ്ങിയവർ പങ്കെടുത്തു.
ചെലവിട്ടത് 7.78 കോടി
ഇ.കെ.കെ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറിൽ ഏർപ്പെട്ട് 7.78 കോടി രൂപയ്ക്കാണ് തിരുവല്ല ടൗൺ പുനരുദ്ധാരണ പ്രവർത്തി പൂർത്തീകരിച്ചത്. മഴുവങ്ങാട് മുതൽ രാമൻചിറ വരെ വീതി കുറവുള്ള ഭാഗങ്ങളിൽ വീതി കൂട്ടുകയും റോഡിന് ഇരുവശവും നടപ്പാത നിർമിക്കുകയും ചെയ്തു. സംസ്ഥാന വൈദ്യുതി ബോർഡിൽ നിക്ഷേപിച്ച 23.58 ലക്ഷം രൂപയിൽ നിന്നും തിരുവല്ല ബൈപാസിലെ മഴുവങ്ങാട് മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗത്താണ് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.