
പത്തനംതിട്ട: തുലാമാസ പൂജയ്ക്ക് എത്തുന്ന തീർത്ഥാടകർക്ക് കുളിക്കാൻ പമ്പയിൽ ഷവറുകൾ ഇന്നും നാളെയുമായി സ്ഥാപിക്കും.
പമ്പ ത്രിവേണിയിൽ ഇരുവശങ്ങളിലുമായി 10 വീതം 20 ഷവറുകളാണ് സ്ഥാപിക്കുന്നത്. പെരുനാട്ടിലെ വർക്ക്ഷോപ്പിലാണ് കരാർ അടിസ്ഥാനത്തിൽ ഇവയുടെ നിർമ്മാണം നടക്കുന്നത്. അടിയന്തര പ്രാധാന്യമുള്ള ജോലിയായതിനാൽ ടെൻഡർ വിളിച്ചിട്ടില്ല.
വ്യാഴാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ഷവറുകൾ പ്രവർത്തിപ്പിക്കും. പമ്പയിൽ കൊണ്ടുവന്ന് ഫിറ്റ് ചെയ്യുന്ന ജോലികൾ എളുപ്പമാണ്. പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാൻ കാലതാമസം വേണ്ടിവരില്ലെന്നാണ് നിർമാണ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. 16 ഷവറുകൾ പുരുഷൻമാർക്കും 4 ഷവറുകൾ സ്ത്രീകൾക്കുമാണ്. മറകളോടു കൂടിയതാണ് ഷവറുകൾ. സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനും മറ്റുമായി വാതിലുകളോടുകൂടിയ മറകൾ ഷവറുകൾക്കൊപ്പമുണ്ട്. ഷവറുകളിൽ നിന്നുള്ള വെള്ളം പ്രത്യേക പാത്തികൾ നിർമിച്ച് സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിലെത്തിക്കും.
വെളളിയാഴ്ചയാണ് തുലാമാസ പൂജയ്ക്കായി നട തുറക്കുന്നത്. ഒരു ദിവസം 250 ഭക്തരെയാണ് സന്നിധാനത്തേക്ക് ദർശനത്തിന് കടത്തിവിടുന്നത്. ഇത്രയും ആളുകൾ ഒരുമിച്ച് ഒരേസമയം എത്തില്ല. അതുകൊണ്ടാണ് ഷവറുകളുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയത്. അടുത്ത മാസം ആരംഭിക്കുന്ന തീർത്ഥാടന കാലത്തേക്ക് കൂടുതൽ ഷവറുകൾ സ്ഥാപിക്കും. ഒരു ദിവസം ആയിരം മുതൽ രണ്ടായിരം വരെ തീർത്ഥാടകരെ തീർത്ഥാടന കാലത്ത് ദർശനത്തിന് അനുവദിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
20 ഷവറുകൾ, പുരുഷൻമാർക്ക് 16, സ്ത്രീകൾക്ക് 4