 
അട്ടച്ചാക്കൽ: ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ വികസിപ്പിച്ച അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡ് തുടങ്ങുന്ന അട്ടച്ചാക്കൽ ജംഗ്ഷനിൽ റോഡിന് നടുവിൽ രണ്ട്മാസം മുൻപ് രൂപപ്പെട്ട കുഴിയയ്ക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലന്ന് പരാതി. ആറുമാസങ്ങൾക്ക് മുൻപാണി റോഡ് ഉന്നതനിലവാരത്തിൽ വികസിപ്പിച്ചത്. കോന്നി -വെട്ടൂർ-കുമ്പഴ റോഡിൽ നിന്ന് അട്ടച്ചാക്കൽ കുമ്പളാം പൊയ്ക റോഡിലേക്ക് കയറുന്ന അട്ടച്ചാക്കൽ ജംഗ്ഷനിലാണ് കുഴി രൂപപ്പെട്ടത്. വർഷങ്ങൾക്ക് മുൻപ് ഇവിടെ സ്ഥാപിച്ച പൈപ്പ് ലൈനുകളുടെ മുകളിലൂടെ നടത്തിയ ടാറിoഗ് ക്രഷർ യൂണിറ്റുകളിലെ ഭാരം കയറ്റി വരുന്ന വാഹനങ്ങൾ കയറിയിറങ്ങി രൂപപ്പെട്ട കുഴിയാണിത്. സമീപത്തെ പാറമടകളിൽ നിന്ന് ഭാരം കയറ്റി വരുന്ന വാഹനങ്ങൾ കുഴിയിലിറങ്ങുന്നതോടെ കുഴിയുടെ വലിപ്പം കുടുകയാണ്. 13 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് കിഫ്ബിയുടെ ഫണ്ടുപയോഗിച്ച് 17 കോടി രൂപ മുതൽ മുടക്കിയാണ് ഉന്നത നിലവാരത്തിൽ വികസിപ്പിച്ചത്. വാഹനങ്ങൾ റോഡിലെ കുഴിയിൽപ്പെട്ട് അപകടമുണ്ടാവാതിരിക്കാൻ സ്ഥലത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ കുഴിയിൽ മണ്ണിട്ട് നിറയ്ക്കുകയും കുഴിയ്ക്ക് ചുറ്റും റിഫ്ളക്ടർ റിബണുകൾ വലിച്ചുകെട്ടിയെങ്കിലും അതും നശിച്ചു. അപകട സാദ്ധ്യതയുള്ള റോഡിലെ കുഴിയടയ്ക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
-17 കോടി രൂപ മുടക്കിയ റോഡ്