 
തണ്ണിത്തോട്: ബ്രിട്ടീഷ് ഭരണകാലത്തെ പരമ്പരാഗത രാജപാതയായിരുന്ന മണ്ണീറ വയക്കര റോഡ് വികസന വഴിതെളിയാതെ അവഗണനയിൽ. ശബരിമല തീർത്ഥാടകർക്കും മലയോര നിവാസികൾക്കും ഏറെ ഉപകാരപ്പെടെണ്ട റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മലയോര മേഖലയിൽ നിന്ന് അച്ചൻകോവിൽ ക്ഷേത്രത്തിലേക്കും, തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വയക്കര,കല്ലേലി,കൊക്കാത്തോട് പ്രദേശങ്ങളിലേക്ക് പോകുന്നതിനും ദൂരവും സമയവും ഈ റോഡിലൂടെ ലഭിക്കാൻ കഴിയും. തെക്കൻ തമിഴ്‌നാട്ടിൽ നിന്നും,തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ നിന്നുമുള്ള ശബരിമല തീർത്ഥാടകർക്ക് പ്രധാന റോഡായ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്നതിനെക്കാൾ 57 കിലോമീറ്റർ ലാഭത്തിൽ പമ്പയിലെത്താൻ ഈ റോഡ് വികസിപ്പിച്ചാൽ കഴിയും.
ഇപ്പോൾ ഉപയോഗിക്കുന്നത് വനം വകുപ്പും, കെ.എസ്.ഇബിയും
അച്ചൻകോവിൽ ക്ഷേത്ര ദർശനം കഴിഞ്ഞെത്തുന്ന തീർത്ഥാടകർക്ക് കോന്നിയിലെത്താതെ വയക്കര മൂഴിയിൽ നിന്ന് ആദിച്ചൻപാറ, മണ്ണീറ വഴി എട്ട് കിലോലോമീറ്റർ സഞ്ചരിച്ചാൽ കോന്നി തണ്ണിത്തോട് റോഡിലെ മുണ്ടോ മൂഴിയിലെത്താം.നിലവിൽ വനം വകുപ്പും, കെ.എസ്.ഇ.ബിയും മാത്രമാണ് ഈ റോഡുപയോഗിക്കുന്നത്.കോന്നി വനം ഡിവിഷനിലെ ഉത്തര കുമരംപേരൂർ, കുമ്മണ്ണൂർ, കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ പരിധിയിൽ വരുന്ന റോഡ് തേക്ക് തോട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് വനം വകുപ്പിന്റെ മുണ്ടോമൂഴിയിലെ ബംഗ്ലാവിൽ നിന്ന് നടുവത്തുമൂഴി ബംഗ്ലാവിലേക്ക് യാത്ര ചെയ്തിരുന്നത് ഈ വഴിയിലൂടെയായിരുന്നു.
നിരപ്പായ റോഡ്
1945ൽ തണ്ണിത്തോട് കുടിയേറ്റം ആരംഭിച്ച കാലത്ത് കർഷകർ കാർഷീക ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനിയായി തലച്ചുമടായി കല്ലേലി ചന്തയിലേക്ക് കൊണ്ടു പോയിരുന്നതും ഈ വഴിയിലൂടെയായിരുന്നു. പന്തളം രാജ വംശത്തിന്റെ അധീനധയിലായിരുന്ന ഈ പ്രദേശങ്ങൾക്ക് അച്ചൻകോവിൽ വഴി തമിഴ്‌നാടുമായി ബന്ധപ്പെടാനുപയോഗിച്ചിരുന്ന പാതകൂടിയാണിത്. വനം വകുപ്പിന്റെ മണ്ണീറയിലെ തീറ്റപ്പുൽകൃഷിത്തോട്ടം കഴിഞ്ഞാൽ തേക്കു തൊട്ടത്തിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. തുടക്കത്തിലെ ഒരു കിലോമീറ്റർ ദൂരം വനം വകുപ്പ് മെറ്റൽ വിരിച്ചിട്ടുണ്ട്. നിരപ്പായ റോഡായതിനാൽ ചെറിയ അറ്റകുറ്റപണികൾ നടത്തിയാൽ ഉപയോഗപ്പെടുത്താനാവും.
-ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനം