 
പത്തനംതിട്ടയ്ക്ക് ഇന്നലെ നല്ല ദിനമായിരുന്നു., പൊതുവിദ്യാഭ്യാസമേഖലയുടെ ഹൈടെക്ക് വൽക്കരണത്തിന്റെ മണ്ഡലതല പ്രഖ്യാപനവും പത്തനംതിട്ട വിശ്രമ കേന്ദ്രത്തിലെ വി.ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടനവും ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നാട് സാക്ഷ്യംവഹിച്ചു.
1. ഹൈടെക്ക് വൽക്കരണം :
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവ്
പത്തനംതിട്ട : പൊതുവിദ്യാഭ്യാസമേഖലയുടെ ഹൈടെക്ക് വൽക്കരണ പ്രഖ്യാപനത്തിന്റെ മണ്ഡലതല ഉദ്ഘാടനം ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും നടന്നു. തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. മാത്യു ടി.തോമസ് എം.എൽ.എയും പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ വീണാ ജോർജ് എം.എൽ.എയും അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എയും റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ രാജു എബ്രഹാം എം.എൽ.എയും കോന്നി ആർ.വി.എച്ച്.എസ്.എസിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും ഹൈടെക്ക് വൽക്കരണം പൂർത്തിയായതായി പ്രഖ്യാപിച്ചു. 929 സ്കൂളുകളിലാണ് ജില്ലയിൽ ഹൈടെക് വിന്യാസം പൂർത്തിയാക്കിയത്.
2.റെസ്റ്റ് ഹൗസുകൾ മുഖേന വരുമാനം 25 കോടി
നിർമ്മാണം പൂർത്തീകരിച്ച രണ്ട് ഡസനോളം റെസ്റ്റ് ഹൗസുകളിൽ നിന്നും നിർമ്മാണത്തിലിരിക്കുന്ന ഒരു ഡസനോളം റെസ്റ്റ് ഹൗസുകൾ പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ മൊത്തം റെസ്റ്റ് ഹൗസുകളിൽ നിന്നുള്ള വരുമാനം 25 കോടിയായി ഉയരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
പത്തനംതിട്ട വിശ്രമ കേന്ദ്രത്തിലെ വി.ഐ.പി ബ്ലോക്ക് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു വിശിഷ്ടാതിഥിയായിരുന്നു. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷയായിരുന്നു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ്, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് സി.കെ അനീഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം പത്തനംതിട്ട എക്സിക്യൂട്ടീവ് എൻജിനിയർ സി.കെ ഹരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
മൂന്നു നിലകളിലായി ആകെ 8570 ചതുരശ്ര അടി വിസ്തീർണമുള്ള വി.ഐ.പി ബ്ലോക്കിൽ ആറ് വി.ഐ.പി മുറികൾ, രണ്ട് വി.ഐ.പി സ്യൂട്ട് മുറികൾ, റിസപ്ഷൻ, മാനേജരുടെ വിശ്രമമുറി, സ്റ്റോർ, 90 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ടോയ്ലറ്റ് ബ്ലോക്ക്, റൂം കബോഡുകൾ തുടങ്ങിയവ നിർമ്മിച്ചിട്ടുണ്ട്.
3.കുലശേഖരപതി - മൈലപ്ര റോഡ്
നാടിനു സമർപ്പിച്ചു
ആധുനീക രീതിയിൽ നവീകരിച്ച കുലശേഖരപതി - മൈലപ്ര റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു.
ജില്ലയിലെ പ്രധാന സംസ്ഥാന പാതകളായ പുനലൂർ - മുവാറ്റുപുഴ റോഡിനേയും തിരുവല്ല - കുമ്പഴ റോഡിനേയും ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ വികസനത്തോടെ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ പതിന്മടങ്ങു വർദ്ധിക്കുകയും പ്രധാന മറ്റു വഴികളിലേക്ക് എത്തിച്ചേരാൻ സാധിക്കുകയും ചെയ്യും. മന്ത്രി അഡ്വ. കെ.രാജു മുഖ്യാതിഥിയായിരുന്നു. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഈ സർക്കാരിന്റെ കാലത്ത് തന്നെ മലയോര ഹൈവേയുടെ
നിർമ്മാണം പൂർത്തീകരിക്കും. കോന്നി പ്ലാച്ചേരി റീച്ചിന്റെ നിർമ്മാണം കാര്യക്ഷമമായി നടന്നുവരുന്നു. കോന്നി - പുനലൂർ റീച്ച് നിർമ്മാണം ഉടൻ ആരംഭിക്കും. 
അഡ്വ. കെ.രാജു,
വനം വന്യജീവി വകുപ്പ് മന്ത്രി