പത്തനംതിട്ട : ഖരമാലിന്യ നിർമ്മാർജന രംഗത്ത് ശുചിത്വ പദവി കൈവരിച്ചിരിക്കുകയാണ് മെഴുവേലി പഞ്ചായത്ത്. സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായുള്ള പദ്ധതിയാണിത്. ശുചിത്വത്തിൽ ലഭിച്ച 70 ശതമാനം നൂറിലെത്തിയ്ക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ഇതിനായി 26 ഹരിത കർമ്മ സേനാംഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. 2015 മുതൽ പഞ്ചായത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ മാലിന്യ സംസ്കരണ പോരായ്മകൾ പഠിച്ചതിന് ശേഷമാണ് മെഴുവേലി പഞ്ചായത്ത് ശുചിത്വ പദ്ധതികൾ നടപ്പിലാക്കിയത്.

പ്രവർത്തനങ്ങളുടെ തുടക്കം

ഹരിത കർമ്മ സേന രൂപീകരിച്ചാണ് ശുചിത്വ പദ്ധതി ആരംഭിക്കുന്നത്. ഇതിനായി വാർഡ് അടിസ്ഥാനത്തിൽ എം.സി.എഫ്(മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സ്ഥാപിച്ചു. ആറ് ബിൻ ഉള്ള തുമ്പൂർമൂഴി മോഡൽ കമ്പോസ്റ്റിംഗ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.പഞ്ചായത്തിലെ പ്രധാന മാർക്കറ്റായ ഇലവുംതിട്ട പബ്ലിക് മാർക്കറ്റിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

ഹരിത കർമ്മസേനയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി കൺസോർഷ്യം രൂപീകരിച്ചു. സേനാംഗങ്ങൾക്ക് യൂണിഫോം, ഐ.ഡി കാർഡ് എന്നിവ ലഭ്യമാക്കി.

പ്രഖ്യാപനം നടത്തി

മെഴുവേലി : ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണകുറുപ്പ് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ് അനീഷ് മോൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.സി രാജഗോപാൽ മൊമന്റോ വിതരണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.സെക്രട്ടറി ആർ. സേതു,അസി.സെക്രട്ടറി കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

------------

പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിൽ 2019 ആഗസ്റ്റ് ഒന്നിന് ആദ്യഘട്ടത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കി.
വാർഡ് തലത്തിൽ 11 എം.സി.എഫുകൾ 11 ബോട്ടിൽ ബൂത്തുകൾ എന്നിവ സ്ഥാപിച്ചു.

പഞ്ചായത്തിലെ ആകെയുള്ള 5548 വീടുകളിൽ 4051 വീടുകളിൽ നിന്ന് മാലിന്യ ശേഖരണം നടത്തുന്നുണ്ട്.

820 സ്ഥാപനങ്ങളിൽ 544 എണ്ണത്തിൽ നിന്നും ശേഖരണം നടത്തും.

പ്രതിദിനം 400 കിലോ ജൈവ മാലിന്യവും 300 കിലോ അജൈവ മാലിന്യവും സംസ്കരിക്കും

 ഇപ്പോൾ വീട്ടുകാർ മാലിന്യം ശേഖരിച്ച് വച്ച ശേഷം സേനാംഗങ്ങളെ വിളിച്ചറിയിക്കുകയും അവർ ചെന്ന് മാലിന്യം എടുക്കുകയും ചെയ്യും.

-------------

"സമ്പൂർണ ശുചിത്വത്തിലേക്ക് മെഴുവേലി പഞ്ചായത്തിനെ മാറ്റുകയാണ് ലക്ഷ്യം. 2015 മുതൽ പദ്ധതി ആരംഭിച്ചിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ പഞ്ചായത്തിലെ സ്ഥാപനങ്ങളിൽ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാറുണ്ട്. "

എൻ.ഗോപാല കൃഷ്ണ കുറുപ്പ്

(മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ്)