 
പ്രാദേശിക ഭരണസമിതികളുടെ തിരഞ്ഞെടുപ്പിനുള്ള അണിയറ ഒരുക്കങ്ങളിലാണ് മുന്നണികൾ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിക്കഴിഞ്ഞു. മുന്നണികൾ വാർഡ്തല തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ച് പടയൊരുക്കത്തിലാണ്. നടപ്പാക്കിയ പദ്ധതികൾ നേട്ടങ്ങളായി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പലരും.
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ നടപ്പാക്കിയ പദ്ധതികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണിവിടെ. ഒപ്പം വിമർശകർക്ക് പറയാനുള്ളതും.....
കോയിപ്രം ഡിവിഷൻ
(എഴുമറ്റൂർ, കോയിപ്രം, ഇരവിപേരൂർ, പുറമറ്റം
പഞ്ചായത്തുകൾ ചേർന്നത്)
ജില്ലാ പഞ്ചായത്ത് സാരഥി അന്നപൂർണ ദേവി പ്രതിനിധീകരിക്കുന്ന ഡിവിഷനാണ് കോയിപ്രം. കോയിപ്രം ഗ്രാമ പഞ്ചായത്തംഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ കാര്യക്ഷമതയോടെ പ്രവർത്തിച്ചതിന് കിട്ടിയ അംഗീകാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. കഴിഞ്ഞ അഞ്ച് വർഷം കോയിപ്രത്ത് വലിയതോതിൽ വികസനം എത്തിക്കാൻ കഴിഞ്ഞതായി അന്നപൂർണദേവി അവകാശപ്പെടുന്നു.
പ്രധാന നേട്ടങ്ങൾ....
അഞ്ച് വർഷത്തിനിടെ ഡിവിഷനിലെ റോഡ് നിർമാണത്തിന് 10.5 കോടി ചെലവഴിച്ചു. ഒരു കോടി ചെലവഴിച്ച് നിർമിച്ച ചിറ്റാർ - പുതുക്കട റോഡാണ് വലിയ പദ്ധതി. കോയിപ്രം പഞ്ചായത്തിലെ താഴംപാൽപടി -പാലാംപറമ്പിൽ പടി റോഡ് (65 ലക്ഷം). പൂവത്തൂർ കാണിക്കവഞ്ചി - ഗുരുമന്ദിരംപടി റോഡ് (52) എന്നിങ്ങനെ നീളുന്നു. മിക്ക ഡിവിഷനുകളിലും 50 - 55 ലക്ഷം ചെലവഴിച്ച് റോഡ് നിർമിച്ചിട്ടുണ്ട്.
പുറമറ്റം, കോയിപ്രം ഗവ. സ്കൂളുകളിൽ ജില്ലാ പഞ്ചായത്തിന്റെയും എസ്.എസ്.എയുടെയും ഫണ്ടുപയോഗിച്ച് അടിസ്ഥാന സകര്യങ്ങൾ വികസിപ്പിച്ചു. സ്മാർട്ട് ക്ളാസ് റൂം, ഫർണിച്ചറുകൾ, ഷീ ടോയ്ലറ്റ്, പെൺകുട്ടികൾക്ക് വിശ്രമകേന്ദ്രം, കഞ്ഞിപ്പുര തുടങ്ങിയവയ്ക്ക് ഫണ്ട് ചെലവാക്കി.
പച്ചക്കറി കൃഷികൾക്ക് കോയിപ്രം, പുറമറ്റം, ഇരവിപേൂരൂർ, എഴുമറ്റൂർ കൃഷി ഭവനുകൾ മുഖേന സഹായം ലഭ്യമാക്കി. ഇടവിള, വാഴ കൃഷികൾക്ക് വിത്തുകൾ ലഭ്യമാക്കി. കോയിപ്രം സീഡ് ഫാമിൽ വിശ്രമകേന്ദ്രം നിർമ്മിച്ചു.
ചാലിനെ വിഴുങ്ങിയ ആഫ്രിക്കൻ പായൽ വാരിക്കളഞ്ഞ് ഇരുവശങ്ങളിലും കൃഷിക്ക് ഉപയുക്തമാക്കി. വേനൽക്കാലത്ത് ആളുകൾക്ക് കുളിക്കാനും തുണികൾ അലക്കാനും പാകത്തിൽ ചാൽ ശുദ്ധീകരിച്ചു.
പട്ടിക വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ കുടിവെള്ളവും വെളിച്ചവും എത്തിച്ചു. അന്താലിമൺ കോളനിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചു. കോളനികളിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
'' അഞ്ച് വർഷം കൊണ്ട് ജില്ലയിലെ എല്ലാഭാഗത്തെയും പ്രശ്നങ്ങൾ മനസിലാക്കി വികസന പദ്ധതികൾക്ക് നേതൃത്വം നൽകാൻ സാധിച്ചു. കോയിപ്രം ഡിവിഷനിൽ അഭിമാനിക്കാൻ തക്ക പ്രവർത്തനങ്ങൾ നടത്തി.
അന്നപൂർണദേവി.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>
(വിമർശനം)
അവഗണനയുടെ ഡിവിഷൻ
കോയിപ്രം ഡിവിഷൻ കടുത്ത അവഗണന നേരിട്ടു. ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളെ ഏകോപിപ്പിച്ച് ഒരു പദ്ധതിക്കും ശ്രമിച്ചില്ല. ആശുപത്രികളും സ്കൂളുകളും അവഗണ നേരിട്ടു. കുടുംബശ്രീക്കാർക്ക് തൊഴിൽ നേടി കൊടുക്കാൻ കഴിയുന്ന സംരംഭങ്ങൾ നടപ്പാക്കാമായിരുന്നു. കാർഷിക മേഖലിയൽ ശ്രദ്ധിച്ചതേയില്ല. . ഇരവിപേരൂർ റൈസിന് മില്ല് തുടങ്ങാൻ രണ്ട് വർഷം മുൻപ് ജില്ലാ പഞ്ചായത്തിന് കത്ത് കൊടുത്തിരുന്നു. ഒരു സഹായവും ഉണ്ടായില്ല. ഉൽപ്പാദനം, പശ്ചാത്തല സൗകര്യം, സേവന മേഖലകളിൽ വളരെ പിന്നിലാണ്.
അഡ്വ. എൻ.രാജീവ്,
സി.പി.എം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം