icds

പത്തനംതിട്ട : സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരം നൽകുന്നതിനായി വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായ ഐ.സി.ഡി.എസ് (ഇന്റർഗ്രറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സർവീസ്) 45 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇത്തവണ ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങിയ 45 ദിവസ പരിപാടി നവംബർ 14ന് ശിശുദിനത്തിൽ അവസാനിക്കും. അങ്കണവാടികൾ വഴിയാണ് ഐ.സി.ഡി.എസ് പദ്ധതി നടപ്പാക്കുന്നത്. പ്രീസ്കൂൾ, പോഷകാഹാരം, രോഗപ്രതിരോധം, ആരോഗ്യ പരിശോധന തുടങ്ങിയ പ്രവർത്തനങ്ങൾ അങ്കണവാടി കേന്ദ്രീകരിച്ച് നടക്കുന്നു. ഗർഭിണികൾക്കും നവജാത ശിശുവിനും ആവശ്യമായ നിർദേശങ്ങൾ, വയോജനങ്ങൾക്ക് വിശ്രമ കേന്ദ്രങ്ങൾ, കൗമാരക്കാർക്കായി ക്ലബുകൾ തുടങ്ങി സാമൂഹ്യ ഇടപെടലുകൾ നടത്തുന്ന പദ്ധതിയാണിത്. നിരവധി സാധാരണക്കാർക്ക് പ്രയോജനമായ ഈ പദ്ധതി നാടിന്റെ വികസനത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. ഐ.സി.ഡി.എസ് പഞ്ചായത്ത് തലത്തിൽ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ സൂപ്പർവൈസർമാർ ആണ് ഇതിന് നേതൃത്വം നൽകുന്നത്.

തുടക്കം 1975 ഒക്ടോബർ 2ന്

കേന്ദ്ര സർക്കാരിന്റെ വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്.

പത്തനംതിട്ട ജില്ലയിൽ അഞ്ച് മിനി അങ്കണവാടികൾ ഉൾപ്പടെ 1389 അങ്കണവാടികളാണുള്ളത്. ഐ.സി.ഡി.എസിനു കീഴിൽ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 12 ചൈൽഡ് ഡെവലപ്‌മെന്റ് ഓഫീസർമാരും ഗ്രാമപഞ്ചായത്തുകളിൽ 43 സൂപ്പർവൈസർമാരും ഉണ്ട്.

കൊവിഡ് കാലത്തും സ്മാർട്ടായി

കൊവിഡ് കാലത്തും അങ്കണവാടി അദ്ധ്യാപകർ സ്മാർട്ട് ഫോണിൽ ക്ലാസുകളെടുക്കാറുണ്ട് . ഗർഭിണികൾക്കും കൗമാരപ്രായക്കാർക്കും കുട്ടികൾക്കുമുള്ള പോഷകാഹാരം വീടുകളിലെത്തിച്ച് നൽകുന്നു. വിവരശേഖരണമെല്ലാം സ്മാർട്ട് ഫോണിൽ ആണ്.

ഗർഭിണികൾക്കും നവജാതശിശുവിനും അമ്മമാർക്കും വയോജനങ്ങൾക്കും പ്രാധാന്യം നൽകുന്ന പദ്ധതി വിജയകരമായി മുമ്പോട്ട് പോകുകയാണ്. എല്ലാവർക്കും പോഷകാഹാരവും മരുന്നും തുടങ്ങിയ സൗകര്യങ്ങൾ നൽകാൻ പദ്ധതി വഴി സാധിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തിലും മണ്ഡലങ്ങളിലും വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.

നിഷ നായർ

(ഐ.സി.ഡി.എസ് ജില്ലാ പ്രോഗാം ഓഫീസർ)