തിരുവല്ല: രണ്ട് മാസം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് പുനർനിർമ്മിച്ച റോഡ് തകർന്നു. തിരുവല്ല നഗരസഭ 32-വാർഡിൽ ഉൾപ്പെടുന്ന അഞ്ചൽക്കുറ്റി - ഐപ്പ് ജംഗ്ഷൻ റോഡാണ് തകർച്ചയിലായത്. റോഡിന്റെ തകർച്ചയും പതിവാകുന്ന വെള്ളക്കെട്ടും മൂലമുള്ള യാത്രാദുരിതം സംബന്ധിച്ച നിരന്തര പരാതികളെ തുടർന്നാണ് റോഡിൽ തറയോട് പാകുന്നതിനായി നഗരസഭ 12 ലക്ഷം രൂപ അനുവദിച്ചത്. ഈ റോഡാണ് നിർമ്മാണം നടത്തി രണ്ട് മാസങ്ങൾ പിന്നിടുമ്പോൾ വീണ്ടും പൊളിഞ്ഞത്. ഭൂരിഭാഗം തറയോടുകളും റോഡിൽ നിന്നും ഇളകിമാറി പൊട്ടിയ നിലയിൽ കിടക്കുകയാണ്. ഇളകിക്കിടക്കുന്ന തറയോടുകൾ ഇരു ചക്രവാഹന യാതക്കാർക്ക് അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. റോഡിന്റെ തകർച്ച സംബന്ധിച്ചുയർന്ന പരാതികളെ തുടർന്ന് കഴിഞ്ഞയാഴ്ച നഗരസഭാ എൻജിനിയറിംഗ് വിഭാഗം നേരിട്ടെത്തി റോഡിൽ പരിശോധന നടത്തിയിരുന്നു. എ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡ് നിർമ്മാണത്തിൽ കറാറുകാരന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി ബോദ്ധ്യമായതായും അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി വി.സജികുമാർ പറഞ്ഞു.