അടൂർ : പുലരിപ്പൂ പോലെ ചിരിച്ചും

പുഞ്ചപ്പാടക്കാറ്റ് വിതച്ചും

നീയേന്റെ കൂടെച്ചേർന്ന് കളിച്ച് നടന്നില്ലേ...

അടൂരിന് സമീപമുള്ള പന്നിവിഴ ഗ്രാമത്തിന്റെ മനസിൽ ഇടംപിടിച്ച ഇൗ ഗാനം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ. 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന സിനിമയ്ക്കായി രചന നിർവഹിച്ച ഗാനത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ സുജേഷ് ഹരി പന്നിവിഴ ഗ്രാമത്തിന്റെ മരുമകനാണ്. സുജേഷിന്റെ സിനിമയിലേക്കുള്ള കടന്നുവരവ് 'നമ്മുടെ നാട് പന്നിവിഴ' എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഘോഷമാക്കിയിരുന്നു. മലയാള സിനിമാലോകത്തേക്ക് പാട്ടെഴുത്തിലൂടെ കാലെടുത്തുവയ്ക്കുന്ന പന്നിവിഴയുടെ മരുമകൻ സുജേഷ് ഹരിക്ക് അഭിനന്ദനങ്ങൾ എന്ന പേരിൽ അന്ന് പന്നിവിഴ ദേവീക്ഷേത്ര ജംഗ്ഷനിൽ ഫ്ളക്സ് ബോർഡുകൾ ഉയർന്നത് നാട്ടുകാർ മറന്നിട്ടില്ല. കൊട്ടാരക്കര പെരുങ്കുളം സ്വദേശിയായ സുജേഷ് ഹരി 2010ലാണ് പന്നിവിഴ അമ്പഴവേലി ജംഗ്ഷനിലെ പുതുവീട്ടിൽ രാധാകൃഷ്ണൻ നായർ - ലീലാമണി ദമ്പതികളുടെ മൂത്തമകളായ ലക്ഷ്മികൃഷ്ണനെ ജീവിതസഖിയാക്കുന്നത്. കൊട്ടാരക്കരയിലുള്ള ഐ.എ.ടി എന്ന സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസാറായിരുന്നു സുജേഷ് . ഇവരുടെ മക്കളായ ഋതുനില, ദലനീഹാര എന്നിവർ കൗമുദി ചാനൽ സംപ്രേക്ഷണം ചെയ്തുവരുന്ന 'അളിയൻസ് 'എന്ന ഹാസ്യ പരമ്പരയിലെ മിന്നുംതാരങ്ങളാണ്. ഒരു ആൽബത്തിലേക്കാണ് അവാർഡിനർഹമായ ഗാനം മെയിൽ വോയിസിലൂടെ ആദ്യം പുറത്തുവരുന്നത്. പിന്നീട് ' സത്യംപറഞ്ഞാ വിശ്വസിക്കുവോ' എന്ന സിനിമയ്ക്കായി വിശ്വജിത്തിന്റെ സംഗീതത്തിൽ സിത്താര പാടി.