 
പത്തനംതിട്ട: തുലാമസ പൂജയിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് കുളിക്കാൻ പമ്പ ത്രിവേണിയിൽ ഷവർ നിർമ്മാണം തുടങ്ങി. ഇന്നലെ ഷവറുകളുടെ ഫ്രെയിം സ്ഥാപിച്ചു. ഇന്ന് വൈകിട്ടാേടെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കാൻ കഴിയുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു. നാളെ ഷവറുകളിലേക്ക് പമ്പയിലെ വെള്ളം പമ്പ് ചെയ്ത് പരീക്ഷണാടിസ്ഥാനത്തിൽ ഷവറുകൾ പ്രവർത്തിപ്പിക്കും. വെള്ളിയാഴ്ചയാണ് നട തുറക്കുന്നത്. അന്ന് ഉച്ചയോടെ പൊലീസിന്റെ വെർച്വൽ ക്യൂവിൽ ദർശനത്തിന് ബുക്ക് ചെയ്ത ഭക്തർ പമ്പയിൽ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 20 ഷവറുകളാണ് പമ്പയിൽ സ്ഥാപിക്കുന്നത്. 16എണ്ണം പുരുഷൻമാർക്കും നാലെണ്ണം സ്ത്രീകൾക്കുമുള്ളതാണ്. കൊവിഡ് പശ്ചാത്തലത്തിൽ പമ്പയിൽ ഇറങ്ങി കുളിക്കുന്നതിന് വിലക്കുള്ളതിനാലാണ് ഷവറുകൾ സ്ഥാപിക്കുന്നത്.