peringara
പെരി​ങ്ങരയി​ലെ പച്ചത്തുരുത്ത്

പത്തനംതിട്ട : ഹരിതകേരളം മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ 17 ഏക്കറിലായി 60 പച്ചത്തുരുത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങൾ ഉൾപ്പെടെ തരിശ് സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വർഷത്തെ തുടർ പരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, സാമൂഹ്യ വനവത്ക്കരണ വിഭാഗം, ബയോഡൈവേഴ്‌സിറ്റി ബോർഡ് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലയിൽ പച്ചത്തുരുത്തിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

മാതൃകാ പച്ചത്തുരുത്ത്

പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രിൻസ് മാർത്താണ്ഡവർമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒരേക്കറോളം വരുന്ന സ്ഥലത്ത് മാതൃക പച്ചത്തുരുത്ത് ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദ്യാർത്ഥികൾക്കും പരിസ്ഥിതി ഗവേഷകർക്കും പ്രവർത്തകർക്കും അക്കാദമിക കാര്യങ്ങൾക്ക് ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലാണിത്.
മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രഖ്യാപനത്തിന് ശേഷം മാതൃകാ പച്ചത്തുരുത്ത് നടീൽ ഉദ്ഘാടനം അഡ്വ. മാത്യു. ടി. തോമസ് എം.എൽ.എ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് അദ്ധ്യക്ഷത വഹിക്കും.

പച്ചത്തുരുത്ത് ഗ്രാമം

സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ പച്ചത്തുരുത്ത് ഗ്രാമമായ കൊടുമൺ ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും വാർഡ്തല സംഘാടക സമിതി യോഗങ്ങൾ ചേർന്ന് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളിലുമായി ആകെ 28 പച്ചത്തുരുത്തുകളാണ് സ്ഥാപിച്ചിട്ടുളളത്.

ആയുർവേദ പച്ചത്തുരുത്ത്

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ചിട്ടുളള ആയുർവേദ പച്ചത്തുരുത്ത്, ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ അച്ചൻകോവിലാറിനോട് ചേർന്ന ആറ്റരികം പച്ചത്തുരുത്ത് തുടങ്ങിയവ വൈവിദ്ധ്യത്താൽ സമ്പന്നമാണ്.

അതിജീവനത്തിന് ജൈവ വൈവിദ്ധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകൾ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകൾ പൂർത്തിയാക്കി.

ഡോ.ടി.എൻ.സീമ,

ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ്

വൈസ് ചെയർപേഴ്‌സൺ

സംസ്ഥാനത്തെ ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10 ന് ഓൺലൈനായി നിർവഹിക്കും.

സംസ്ഥാനത്ത് 590 പഞ്ചായത്തുകളിലായി 454 ഏക്കർ വിസ്തൃതിയിൽ 1261 പച്ചത്തുരുത്തുകൾ