
കോഴഞ്ചേരി : പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്ത കോഴഞ്ചേരി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഒന്നാംഘട്ട പ്രവർത്തനോദ്ഘാടനം ഓൺലൈനിലൂടെ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. കോഴഞ്ചേരി ശുദ്ധജല വിതരണ പദ്ധതി ഒന്നാംഘട്ടം ഉല്പാദന ഘടകങ്ങൾ നിർമ്മിക്കുന്നതിനായി ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി 9.50 കോടി രൂപ അനുവദിച്ചിരുന്നതായി മന്ത്രി പറഞ്ഞു. കോഴഞ്ചേരി ശുദ്ധജലവിതരണ പദ്ധതിയുടെ സ്രോതസ് പമ്പാനദിയാണ്. കുരങ്ങുമലയിലാണ് ശുദ്ധീകരണ ശാല. രണ്ട് പമ്പ് സെറ്റുകൾ ഒരേസമയം പ്രവർത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.
റോ വാട്ടർ പമ്പിങ്ങിനായി ട്രാൻസ്‌ഫോമർ സ്ഥാപിക്കൽ, നിലവിലുള്ള കിണറിന്റെയും പമ്പ് ഹൗസിന്റെയും നവീകരണം എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. ശുദ്ധീകരിച്ച ജലം രണ്ട് മേഖലകളായി തിരിച്ച് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ശുദ്ധീകരണ ശാലയുടെ ഭാഗമായ നാല് ലക്ഷം ലിറ്റർ ശേഷിയുള്ള പമ്പിൽ നിന്ന് നിലവിലുള്ള സംഭരണികളായ കുരങ്ങുമല, വെണ്ണപ്രമല, കോഴഞ്ചേരി ജില്ലാ ഹോസ്പിറ്റൽ എന്നീ ടാങ്കുകളിൽ എത്തിച്ച് നിലവിലെ വിതരണ ശൃംഖലയിലൂടെ ജലവിതരണം നടപ്പിലാക്കുന്നതാണ്. നിലവിലുള്ള കുരങ്ങ്മല, വെണ്ണപ്രമല സംഭരണികളുടെ ശേഷി 1.50 ലക്ഷം ലിറ്റർ വീതമാണ്. 2045ൽ പ്രതീക്ഷിക്കുന്ന ജനസംഖ്യയായ 19072 ആളുകൾക്ക് 70 ലിറ്റർ പ്രതിദിന ജലലഭ്യത ഉറപ്പാക്കിയാണ് പ്രോജക്ട് നടപ്പിലാക്കിയിട്ടുള്ളത്. പദ്ധതിയുടെ ചെലവ് 595.84 ലക്ഷം രൂപയാണ്. രണ്ടാം ഘട്ടമായി രണ്ടു മേഖലകളിലും പുതിയ ജലസംഭരണികൾ, വിതരണശൃംഖല എന്നിവ സ്ഥാപിക്കുന്നതിനായി ജൽ ജീവൻ മിഷനിൽ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തുവരുന്നു. 72 കിലോമീറ്റർ ദൂരത്തിൽ വിതരണശൃംഖല സ്ഥാപിച്ച് 3393 കുടുംബങ്ങളിൽ കണക്ഷൻ നൽകി നൽകി ശുദ്ധജലം നേരിട്ട് വീടുകളിൽ എത്തിക്കും.