
ജില്ലാ പഞ്ചായത്തംഗം ടി.മുരുകേശ് പ്രതിനിധീകരിക്കുന്ന ഡിവിഷനാണ് പള്ളിക്കൽ. പള്ളിക്കൽ പഞ്ചായത്തും പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊങ്ങലടി ബ്ലോക്ക് ഡിവിഷനും തുമ്പമൺ പഞ്ചായത്തിലെ വിജയപുരം ബ്ലോക്ക് ഡിവിഷനും കടമ്പനാട് പഞ്ചായത്തിലെ കടമ്പനാട് ബ്ലോക്ക് ഡിവിഷനും ഏറത്ത് പഞ്ചായത്തിലെ 16, 17 വാർഡുകളും ചേർന്നതാണ് പള്ളിക്കൽ ഡിവിഷൻ. ടി.മുരുകേശ് കഴിഞ്ഞ അഞ്ചു വർഷത്തെ നേട്ടങ്ങൾ ഒാർത്തെടുക്കുന്നു.
നമ്മുടെ നാട്ടിലും വേണം സിവിൽ സർവ്വീസുകാർ എന്ന ലക്ഷ്യം മുൻനിറുത്തി ഡിവിഷനിൽ ഉൾപ്പെട്ട നാല് ഹയർ സെക്കൻഡറി സ്‌കൂളിലെ 50 കുട്ടികൾക്ക് സൗജന്യമായി സിവിൽ സർവ്വീസ് പരിശീലനം നൽകിയതും കുട്ടികളുടെ സർഗാത്മകത വളർത്തുന്നതിന് നടപ്പാക്കിയ ചിൽഡ്രൻസ് തിയേറ്റർ കലാജാഥയും പള്ളിക്കലിന്റെ മാത്രം നേട്ടമാണ്.
വിദ്യാഭ്യാസ മേഖല
വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി മാത്രം 2.45 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. പെരിങ്ങനാട് ഹയർ സെക്കൻഡറി, ഹൈസ് കൂൾ എന്നിവിടങ്ങളിലായി കെട്ടിടം, ഡിജിറ്റൽ ക്ലാസ് മുറികൾ, ഓഡി റ്റോറിയം മറ്റുഅനുബന്ധ സൗകര്യങ്ങൾ എന്നിവക്കായി 1.12 കോടി രൂപ അനുവദിച്ചു. തെങ്ങമം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 73 ലക്ഷം രൂപയുടെയും അടൂർ ഗേൾസ് എച്ച്.എസ്.എസിൽ 20 ലക്ഷം രൂപയുടെയും അടൂർ ബോയ്സ് കൂളിൽ 40 ലക്ഷം രൂപയുടെയും വികസന പ്രവർത്തനങ്ങൾ നടത്തി.
കാർഷിക മേഖല
കടമ്പനാട് കാർഷിക വിപണിക്ക് 10 ലക്ഷം രൂപയുടെ കെട്ടിടം, പഴകുളം കാർഷികവിപണിക്ക് 20 ലക്ഷം രൂപയുടെ കെട്ടിടം, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് വർഷം സുഭിക്ഷം എന്ന പേരിൽ 48 ലക്ഷം രൂപ, ഏത്തവാഴ കൃഷിക്ക് 20 ലക്ഷം രൂപ, ഗ്രോ ബാഗ് കൃഷിക്ക് 7.5 ലക്ഷവും അടക്കം 75.5 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. പട്ടികജാതി ക്ഷേമം മേലൂട്, തോടത്ത് കുഴി, കലതിവിള, വിജയപുരം തുടങ്ങിയ കോളനികളുടെ നവീകരണത്തിനായി 65 ലക്ഷം രൂപയും മലങ്കാവ് സാംസ്കാരിക കേന്ദ്രത്തിന് 15 ലക്ഷവും അനുവദിച്ചു.
1. രണ്ട് പുതിയ റോഡുൾപ്പടെ യാത്രാ സൗകര്യം ഒരുക്കാൻ 2.80 കോടി അനുവദിച്ചു.
2. മുണ്ടപ്പള്ളി, പെരിങ്ങനാട്, തെങ്ങമം, പതിനാലാം മൈൽ, കടമ്പനാട് എന്നി വായനശാലകൾക്ക് കെട്ടിടം, അനുബന്ധ സൗകര്യങ്ങൾ എന്നിവക്കായി 32 ലക്ഷം ചെലവഴിച്ചു.
3. പാറക്കൂട്ടം, തെക്കെമുറി, മേക്കുന്ന് മുകൾ , നെല്ലിമുകൾ , കടമ്പനാട്, ഏറത്ത്, പന്തളം തെക്കേക്കര എന്നി അങ്കണവാടികൾക്ക് കെട്ടിടം പണിയുന്നതിന് 1.1 0 കോടി അനുവദിച്ചു.
4. കടമ്പനാട് മാർക്കറ്റ് നവീകരണത്തിന് 25 ലക്ഷവും നെല്ലിമുകൾ മാർക്കറ്റ് നവീകരണത്തിന് 20 ലക്ഷവും പാലിയേറ്റീവ് കെയറിന് 5 ലക്ഷവും ബഡ്‌സ് സ്കൂളിന് 5 ലക്ഷവും അനുവദിച്ചു.
അടിസ്ഥാനപരമായി ഒന്നുമില്ല
ജില്ലാ പഞ്ചായത്തംഗത്തിന് ഒരു വർഷം 4 കോടി രൂപയെങ്കിലും വികസന പ്രവർത്തനത്തിന് ലഭിക്കും, 5 വർഷം കൊണ്ട് 20 കോടി രൂപയുടെ വികസനം നടക്കേണ്ട സ്ഥലത്ത് എടുത്ത് പറയാൻ യാതൊന്നും ഇല്ല. സ്കൂൾ കെട്ടിടത്തിലും കോൺക്രീറ്റ് റോഡുകളിലും മാത്രം വികസനം ഒതുങ്ങി. കാർഷികമേഖലയിൽ വിത്തുകളും വിളകളും നൽകിയതിലും രാഷ്ട്രീയ വിവേചനം കാട്ടി. യഥാർത്ഥ കർഷകർക്ക് ഗുണം കിട്ടിയില്ല. നെൽവയലുകൾ ഇപ്പോഴും തരിശ് കിടക്കുന്നു. കർഷകരെ സഹായിക്കുന്നതിനോ, കുടുംബശ്രീ വനിതകൾക്കടക്കം തൊഴിൽ നൽകുന്ന പദ്ധതികൾ നടപ്പാക്കാനോ കഴിഞ്ഞില്ല .
പഴകുളം ശിവദാസൻ,
ഡി.സി.സി സെക്രട്ടറി.