അടൂർ : അടൂർ യുവത കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാർക്ക് സാനിട്ടൈസർ, ഫെയ്സ് മാസ്ക് എന്നിവ നൽകുന്നത് എ.ടി.ഒ തടഞ്ഞതിൽ പ്രതിഷേധം. ഡിപ്പോയിലെ ജീവനക്കാരുടെ സംഘടനയായ കരുണ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് മൂവായിരത്തോളം മാസ്കും 300 കുപ്പി സാനിട്ടൈസറും എത്തിച്ചത്. പന്നിവിഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. സുരേഷ് ബാബു, നഗരസഭാ മുൻ ചെയർമാൻ ഉമ്മൻതോമസ്, യുവതയുടെ പ്രവർത്തകരായ സാജൻമാണി, ഗോപു കരുവാറ്റ എന്നിവരുടെ നേതൃത്വത്തിലാണ് ഇവ എത്തിച്ചത് ഏറ്റുവാങ്ങി ഭാരവാഹികളെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കരുണ 13 ന് അടൂർ എ. ടി. ഒ യ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇൗ സാധനങ്ങൾ സ്റ്റോർവഴി മാത്രമേ വിതരണം ചെയ്യാനാകു എന്നു പറഞ്ഞ എ. ടി. ഒ ചടങ്ങിൽ നിന്ന് വിട്ടുനിന്നു . തുടർന്ന് കരുണയുടെ പ്രസിഡന്റ് ടി. ആർ. ബിജു, ജനറൽ സെക്രട്ടറി മേലൂട് അഭിലാഷ് എന്നിവരാണ് ഏറ്റുവാങ്ങിയത്. ഇത് സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, അസി. ഡിപ്പോ എൻജിനീയർ എന്നിവരുടെ ഒാഫീസിലും മിനിസ്റ്റീരിയൽ വിഭാഗത്തിലും വിതരണം ചെയ്യാൻ പാടില്ലെന്ന നിലപാട് എ. ടി. ഒ സ്വീകരിച്ചു... ഒടുവിൽ ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവർക്ക് മാത്രം മാസ്കും സാനിട്ടൈസറും വിതരണം ചെയ്തു. ഡിപ്പോയിലെ പതിനഞ്ചോളം ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിരുന്നു. മതിയായ മാസ്കും സാനിട്ടൈസറും ഡിപ്പോയിൽ ഇല്ലാതെ വന്നതോടെയാണ് അടൂർ യുവതയുടെ സഹായം അഭ്യർത്ഥിച്ചത്.രജിസ്റ്റ‌ർ ചെയ്ത സംഘടനയല്ല കരുണ എന്നതാണ് എ. ടി. ഒ യുടെ നിലപാടിന് കാരണം. എ. ടി. ഒയാണ് കരുണയുടെ ഉദ്ഘാടനം നേരത്തെ നിർവഹിച്ചതും. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കുന്നതിനായി സ്റ്റേഷൻ മാസ്റ്ററുടെ ഒാഫീസിന് മുന്നിൽ കരുണ സ്ഥാപിച്ച ബോക്സ് ഏതാനും ദിവസംമുമ്പ് എ. ടി. ഒ യുടെ നിർദ്ദേശപ്രകാരം ഇളക്കിമാറ്റിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.