 
തണ്ണിത്തോട്: പ്രാചീനതയുടെ തിരുശേഷിപ്പുകളിൽ സമൃദ്ധമാണ് മണ്ണീറ തലമാനം ശിവക്ഷേത്രവും പരിസരവും. 1945 ലാണ് മണ്ണീറയിലേക്ക് കുടിയേറ്റമാരംഭിച്ചതെങ്കിലും അതിനും വളരെക്കാലം മുൻപത്തെ ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകൾ ഇവിടെ കാണാൻ കഴിയും. പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശങ്ങൾക്ക് പണ്ട് തമിഴ്നാടുമായി ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു. വനങ്ങൾ വെട്ടിത്തെളിച്ച് കൃഷിയിറക്കാനെത്തിയ കുടിയേറ്റ കർഷകരാണിവിടെ കാട്ടുതീയിലും കാട്ടാന ആക്രമണത്തിലും തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ധാരാളം ഈറ കാടുകൾ നിറഞ്ഞ വനമായതിനാൽ മണ്ണീറയെന്ന് പേരുവരികയായിരുന്നു. ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയ കുടിയേറ്റ കർഷർ ഇവിടെ വിളക്ക് വയ്ക്കാൻ തുടങ്ങി. മൂന്നായി ഉടഞ്ഞ ശിവലിംഗവും, രണ്ട് വലിയ വിഗ്രഹങ്ങളും നന്ദികേശ വിഗ്രഹവും ബലിക്കല്ലുകളും നാഗരാജാവിന്റെയും നാഗയക്ഷിയുടെയും വിഗ്രഹങ്ങളും ഇന്നുമിവിടെയുണ്ട്. വിശാലമായ കുളവും കപ്പിയും കയറുമില്ലാതെ പടിക്കെട്ടിലൂടെ ഇറങ്ങിചെന്ന് വെള്ളമെടുക്കാൻ കഴിയുന്ന വാൽകിണറുമുണ്ട്. ചിതറിക്കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങളിൽ പുരാതന ലിപികളായ വട്ടെഴുത്തും കോലെഴുത്തും കാണാം. ഇത് മഹാക്ഷേത്രത്തിന്റെ ശേഷിപ്പുകളായാണ് കണക്കാക്കപ്പെടുന്നത്. നേരത്തെ ക്ഷേത്രത്തിന് ചുറ്റും കിടങ്ങും കരിങ്കല്ലിൽ പണിത കോട്ടയുമുണ്ടായിരുന്നു. ഇവിടെ നിന്ന് കൊക്കാത്തോട്ടിലേക്കും കാക്കര ക്ഷേത്രത്തിലേക്കും വനപാതകളുണ്ട്. ഈ വഴിയരികിലും ജനവാസമുള്ളതിന്റെ തെളിവുകളായി കുളങ്ങളും കിണറുകളും കാണാം. സമീപുത്തള്ള പൊട്ടൻപാറയിൽ മുനിയറകളും കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് കൊക്കാത്തോട്ടിലേക്കുള്ള വനപാതയിലൂടെ ആളുകൾ സഞ്ചരിച്ചിരുന്നെങ്കിലും, 3 വർഷങ്ങൾക്ക് മുൻപ് വനത്തിൽ പൊന്നാമ്പൂ പറിക്കാൻ പോയ ആദിവാസിയെ കടുവ പിടിച്ചതോടെ യാത്ര കുറഞ്ഞു. ക്ഷേത്രം നിലനിന്നിരുന്ന നാല് ഏക്കർ വരുന്ന പ്രദേശം എസ്.എൻ.ഡി.പിയോഗം 1807-ാം മണ്ണീറ ശാഖയുടെ അധീനതയിലാണ്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മുൻ പ്രസിഡന്റ് സ്വാമി ശാശ്വതീകാനന്ദ ഇവിടെയെത്തുകയും ആശ്രമം സ്ഥാപിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീകോവിലും ശാസ്താപ്രതിഷ്ഠയും, രക്ഷസ്, യോഗീശ്വരൻ, നാഗത്തറയുൾപ്പെടയുള്ള ഉപദേവത പ്രതിഷ്ഠകളുമായി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പണികൾ ഇപ്പോൾ നടക്കുകയാണ്.