റാന്നി :തിരുവാഭരണപാതയായ ചെറുകോൽപുഴ -റാന്നി റോഡ് വികസനത്തിൽ സർക്കാരിന്റെ അവഗണന ദുരൂഹാത്മകമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ആരോപിച്ചു. വർഷങ്ങൾക്ക് മുൻപ് 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിന് പൊതുമരാമത്ത് എൻജിനീയർമാരുടെ നേതൃത്വത്തിൽ സർവേ നടത്തുകയും അതിരുകൾ നിർണയിക്കുകയും ചെയ്തിരുന്നു. ബന്ധപ്പെട്ട ജനപ്രതിനിധികളിൽ നിന്നും വസ്തു ഉടമകളിൽ നിന്നും ഇതിനാവശ്യമായ സമ്മതപത്രം എഴുതി വാങ്ങുകയും ചെയ്തു. ചെന്നൈ കേന്ദ്രമായ സ്വകാര്യ ഏജൻസിയെകൊണ്ട് സാദ്ധ്യതാപഠനം നടത്തുകയും എട്ടുലക്ഷം രൂപ ഇതിനായി സർക്കാർ ചെലവഴിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് വികസനത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തത് ചില വസ്തു ഉടമകളെയും തല്പരകക്ഷികളെയും സംരക്ഷിക്കാനാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും കൊണ്ടൂർ ആരോപിച്ചു.