പത്തനംതിട്ട- ഹൃദ്രോഗ ചികിത്സയ്ക്ക് മികച്ച സൗകര്യങ്ങളുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാത്ത്ലാബ്. എട്ടു കോടി രൂപ വീതം മുടക്കി സംസ്ഥാന സർക്കാർ പത്തു ജില്ലകളിലായി കാത്ത്ലാബുകൾ നിർമ്മിച്ചതിൽ ആദ്യത്തെ കാത്ത് ലാബാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലേത്. പുതിയതായി തുടങ്ങിയ കാർഡിയാക് കെയർ യൂണിറ്റിൽ (സി.സി.യു.) അഞ്ചു കിടക്കകളും ഐ.സി.യു.വിൽ നാല് കിടക്കകളുമുണ്ട്. രണ്ടു ഹൃദ്രോഗ വിഭാഗ ഡോക്ടർമാരും രണ്ടു നഴ്സുമാരും ഒരു ടെക്നീഷ്യനും അടങ്ങുന്ന സംഘമാണ് കാർഡിയാക് കെയർ യൂണിറ്റിലുള്ളത്.
1110 പേർക്ക് ഐസിയു ചികിത്സയും 3467 പേർക്ക് എക്കോ ചികിത്സയും ഇതിനോടകം ലഭ്യമാക്കി.
ജി. ഇന്നോവ ഐ.ജി.എസ് 520, ഐ.എ.ബി.പി (ഇൻട്ര അയോടിക് ബലൂൺ പമ്പ് )മെഷീൻ, എൽ.വി ഇൻജക്ടർ, ഡിഫിബിലേറ്റർ വെന്റിലേറ്റർ, എക്കോ മെഷീൻ, ട്രെഡ്മിൽ ടെസ്റ്റ്, ഇടിഒ മെഷീൻ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കാത്ത് ലാബ് പ്രവർത്തിക്കുന്നത്. ഡോക്ടർമാരുടെ മുറി, സ്റ്റോർ റൂം, ഐസിയു, സ്‌ക്രബ് റൂം, ഇടിഒ ആൻഡ് കാത്ത് വാഷ് റൂം, കൺസോൾ റൂം, പാനൽ റൂം, കാത്ത് ലാബ് റൂം, എക്കോ റൂം എന്നിങ്ങനെ മികച്ച സജ്ജീകരണങ്ങളുണ്ട്.

-----------------

---------------------
തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കാത്ത്ലാബിൽ ഒ.പി സൗകര്യമുണ്ട്. ബുധൻ, ശനി ദിവസങ്ങളിൽ എക്കോ ചികിത്സയും ചൊവ്വ, വെള്ളി ദിവസങ്ങളിലായി ആഞ്ജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ്റി സൗകര്യങ്ങളും ലഭിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ എല്ലാ ദിവസങ്ങളിലും ഒപി, എക്കോ, ആഞ്ജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സകൾ ലഭിക്കും.