പത്തനംതിട്ട - മലയോര മേഖലയുടെ വികസന സ്വപ്നങ്ങൾക്ക് ഗതിവേഗം കൂട്ടി പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഉന്നതനിലവാരത്തിലുള്ള നിർമ്മാണം പുരോഗമിക്കുന്നു. ഇതോടെ ജനങ്ങളുടെ ഇരുപത് വർഷത്തിൽ അധികമായുള്ള കാത്തിരിപ്പിന് വിരാമമാകുകയാണ്.
700 കോടി രൂപ മുതൽ മുടക്കി മൂന്ന് റീച്ചുകളായാണ് റോഡ് വികസിപ്പിക്കുന്നത്. പുനലൂർ മുതൽ കോന്നി വരെയും കോന്നി മുതൽ പ്ലാച്ചേരി വരെയും പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുമാണ് റീച്ചുകൾ. കോന്നി പ്ലാച്ചേരി, പ്ലാച്ചേരി പൊൻകുന്നം ഭാഗങ്ങളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്.
പുനലൂർ- മൂവാറ്റുപുഴ റോഡിൽ കോന്നി പുനലൂർ റീച്ചിന്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. കോന്നി മുതൽ പുനലൂർ വരെയുള്ള 29.84 കിലോമീറ്റർ റോഡിന്റെ ജോലികളാണ് കെഎസ്ടിപി ടെൻഡർ ചെയ്തത്. ഇതിൽ 15 കിലോമീറ്റർ കോന്നി നിയോജക മണ്ഡലത്തിലാണ്. 221 കോടി രൂപയ്ക്കാണ് ടെൻഡർ നടത്തിയത്. 279 കോടി രൂപയാണ് കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30 കിലോമീറ്റർ ഭാഗത്തിന്റെ നിർമ്മാണത്തിനായി വിനിയോഗിക്കുന്നത്. ഇ കെ കെ കമ്പനിക്കാണ് നിർമ്മാണ ചുമതല.
കോന്നി - പ്ലാച്ചേരി റീച്ചിൽ റോഡിന്റെ മണ്ണെടുപ്പ് പണികൾ പൂർത്തിയായി വരുന്നു. റോഡ് വീതികൂട്ടൽ, കലുങ്കുകൾ, ഓടകൾ, സംരക്ഷണ ഭിത്തി നിർമ്മാണം, വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കൽ, വാട്ടർ അതോറിറ്റി പൈപ്പ് മാറ്റിസ്ഥാപിക്കൽ തുടങ്ങിയ നിർമ്മാണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കോന്നി പ്ലാച്ചേരി റീച്ചിൽ 119 കലുങ്കുകളും 39 കിലോമീറ്റർ ഓടയും നിർമ്മിക്കുന്നു. ഉയരം കൂടിയ ഭാഗങ്ങളിൽ ഗാബിയോൺ ( വലയിൽ പൊതിഞ്ഞുള്ള കല്ലു കെട്ട് ) രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. മണ്ണാറക്കുളഞ്ഞി മുതൽ ഉതിമൂട് വരെയുള്ള ഭാഗത്ത് ഇത്തരത്തിലുള്ള കെട്ടാണ് ഇപ്പോൾ നടക്കുന്നത്. റോഡിന്റെ മറ്റ് പ്രാഥമിക നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി നവംബറോടു കൂടി കോന്നി പ്ലാച്ചേരി റീച്ചിന്റെ ടാറിംഗ് ജോലികൾ ആരംഭിക്കും.

--------------

3 റീച്ചുകളായി നിർമ്മാണം

ചെലവ് 700 കോടി