മല്ലപ്പള്ളി :ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന പട്ടികജാതിക്കാർക്ക് സൗജന്യ ഔഷധ വിതരണം എന്ന പദ്ധതി വയോജനങ്ങൾക്ക് ദുരിതമാകുന്നു. ആയുർവേദ വകുപ്പ് വഴി മരുന്ന് ലഭിക്കണമെങ്കിൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് രോഗികളെ ആകെ തളർത്തുന്നത്. അൽപം കുഴമ്പും തൈലവും ലഭിക്കുവാൻ വില്ലേജ് ഓഫീസും അക്ഷയകേന്ദ്രങ്ങളും വയോജനങ്ങൾ കയറിയിറങ്ങുകയാണ്. ആവശ്യമെങ്കിൽ ജാതി അറിയുന്നതിന് സ്‌കൂൾ രേഖകളോ മറ്റോ വാങ്ങിവെച്ച് മരുന്ന് നൽകണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.