മല്ലപ്പള്ളി- ഗ്രാമപഞ്ചായത്ത് കീഴ്വായ്പ്പൂരിൽ ആരംഭിച്ച കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്ന് ലഹരി ഉൽപന്നങ്ങൾ പിടികൂടി. വൈദ്യുതിബന്ധം നിലച്ചപ്പോൾ കേന്ദ്രത്തിന്റെ ചുറ്റമതിലിൽ രണ്ട് കുപ്പി വിദേശമദ്യം, പാൻപരാഗ്, സിഗററ്റ്, ബീഡി എന്നിവ എത്തിച്ചത് അറ്റൻഡർമാർ കണ്ടെത്തിയിരുന്നു. കീഴ്വായ്പ്പൂര് പൊലീസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പരാതിയെ തുടർന്ന് എസ്.ഐ കുരുവിള ജോർജ്ജിന്റെ നേതൃത്വത്തിൽ പൊലീസെത്തി കർശന നിർദ്ദേശം നൽകി. പുറത്തുനിന്നുള്ള പായ്ക്കറ്റുകളിൽ ലഹരി വസ്തുക്കൾ എത്തുന്നതായി സംശയമുണ്ടായിരുന്നതിനാൽ ആരോഗ്യവകുപ്പ് ഇത് കർശനമായി വിലക്കിയിരുന്നു. എന്നാൽ പുറത്തുനിന്നുള്ള പായ്ക്കറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രോഗികളിൽ ചിലർ ഇന്നലെ വൈകുന്നേരം സംഘടിച്ചിരുന്നു.