കൊടുമൺ :കൊടുമൺ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 15.1 കോടി രൂപ ചെലവിലാണ് ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നത്. കിറ്റ്‌കോയ്ക്കാണ് നിർമ്മാണ ചുമതല. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരത്തോടെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് അനുയോജ്യമായ ജില്ലയിലെ ആദ്യ സ്റ്റേഡിയമാണിത്. 20 വർഷത്തിലേറെ മുടങ്ങിക്കിടന്ന പദ്ധതിയാണ് പൂർത്തിയാകുന്നത്. ഏപ്രിലിൽ പൂർത്തികരിച്ച് കമ്മീഷൻ ചെയ്യാനിരുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നീണ്ടുപോയത്. നിലവിലെ വേഗത്തിൽ പണി പൂർത്തിയാക്കാനായാൽ ഡിസംബറിൽ ഉദ്ഘാടനം നടത്താനാകുമെന്ന പ്രതിക്ഷയിലാണ് സംഘാടകർ. മഴ പെയ്താൽ മിനിട്ടുകൾക്കകം വെള്ളം വലിയുന്നതും ഉടൻതന്നെ മത്സരം നടത്താൻ ഉതകുന്നതുമായ ഡ്രെയ്‌നേജ് സംവിധാനമാണ് ഒരുക്കുന്നത്. ഫുട്‌ബാൾ കോർട്ടിൽ ഒരുക്കുന്ന പുല്ലുകൾ ഔട്ടോമാറ്റിക് സംവിധാനത്തിലൂടെ നനയ്ക്കാൻ കഴിയും. ഫുഡ് ബാൾ, ബോളി ബാൾ, ബാറ്റ്മിന്റൺ, ബാസ്ക്കറ്റ്ബാൾ എന്നീ മത്സരങ്ങൾക്കുള്ള കോർട്ടുകളും 400 മീറ്റർ സിന്തറ്റിക് ട്രാക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ കാരണങ്ങൾകൊണ്ട് പലതവണ നിർമ്മാണം നീണ്ടുപോയ സ്റ്റേഡിയം ഏറെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് വഴിവച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് സ്റ്റേഡിയത്തിന് ഭൂമി വാങ്ങിയത്. ഇതിനിടെ ഏറെ പ്രതിസന്ധികളുമുണ്ടായി. ഈ സ്ഥലത്ത് പഞ്ചായത്തു ഓഫീസും ഷോപ്പിംഗ് കോപ്ലെക്‌സും നിർമ്മിക്കാൻ നീക്കമുണ്ടായെങ്കിലും കായിക പ്രേമികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു