medical

കോന്നി : ഗവ. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസം. നാലായിരത്തിൽ അധികം രോഗികളാണ് ഒ.പിയിൽ ഇതുവരെ ചികിത്സ തേടിയത്. കഴിഞ്ഞ മാസം 15നായിരുന്നു ഉദ്ഘാടനം. സമീപ ജില്ലകളിൽ നിന്നുൾപ്പടെ നിരവധി രോഗികൾ ചികിത്സതേടി എത്തുന്നുണ്ട്. ജനറൽ മെഡിസിനിലും അസ്ഥിരോഗ വിഭാഗത്തിലും സർജറി വിഭാഗത്തിലുമാണ് കൂടുതൽ രോഗികൾ എത്തിയത്.

രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് കിഫ്ബിയിൽ നിന്ന് 241.01 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിന് 115 കോടി രൂപ ചെലവഴിച്ചു. ആശുപത്രി വികസന സൊസൈ​റ്റി ഉടൻ രൂപീകരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കും.

മൈനർ ഓപ്പറേഷൻ തീയേറ്റർ ഉടൻ
ഒ.പി പ്രവർത്തനം സുഗമമായി മുന്നോട്ടു പോകുന്നതിന് മൈനർ ഓപ്പറേഷൻ തിയേ​റ്റർ ഉടൻ പ്രവർത്തനം തുടങ്ങും. ഇതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. ബയോകെമിസ്ട്രി, മൈക്രോബയോളജി, കമ്മ്യൂണി​റ്റി മെഡിസിൻ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ അസിസ്​റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിൽ ഉടൻ നിയമനം നടത്തും. ലബോറട്ടറി പൂർണമായും പ്രവർത്തന സജ്ജമാണ്.

ജനറൽ ഒ.പിയ്ക്ക് പുറമെ തിങ്കളാഴ്ച ജനറൽ മെഡിസിനും ചൊവ്വാഴ്ച ജനറൽ സർജറിയും ബുധനാഴ്ച ശിശുരോഗ വിഭാഗവും വ്യാഴാഴ്ച അസ്ഥിരോഗ വിഭാഗവും വെള്ളിയാഴ്ച ഇ.എൻ.ടിയും ശനിയാഴ്ച ഒഫ്ത്താൽ, ഡെന്റൽ ഒ.പിയും പ്രവർത്തിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഒ.പി സമയമെങ്കിലും രോഗികൾ കൂടുതലുള്ള ദിവസങ്ങളിൽ അധിക സമയ പ്രവർത്തനം ഉണ്ടായിരിക്കും.

രണ്ടാം ഘട്ട വികസനത്തിന് കിഫ്ബിയിൽ നിന്ന് 241 കോടി രൂപ കൂടി അനുവദിച്ചതോടെ ജില്ല കണ്ട ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നായി കോന്നി മെഡിക്കൽ കോളേജ് മാറുകയാണ്. റോഡ് വികസനവും മറ്റ് വികസന പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കും.

കെ.യു. ജനീഷ് കുമാർ (എം.എൽ.എ)