poly
അടൂരിലെ പുതിയ വെറ്ററിനറി പോളീക്ലീനിക്

അടൂർ : സ്വന്തമായ ബഹുനില മന്ദിരത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ച അടൂർ വെറ്ററിനറി പോളിക്ളിനിക്കിൽ ഇരുപത്തിനാല് മണിക്കൂർ സേവനം ലഭ്യമാകും. ഒൗദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. സംസ്ഥാനത്തെ 36 പോളിക്ളീനിക്കുകൾ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തനം തുടങ്ങുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അടൂരിലും കൊവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിൽ അടൂരിലും തിരുവല്ലയിലുമാണ് സേവനം ലഭ്യമാകുക. ഒാപ്പറേഷൻ തീയറ്റർ, ലബോറട്ടറി സൗകര്യം ഉൾപ്പെടെയുള്ള അത്യാധുനിക പോളിക്ളീനിക്കിന്റെ ഉദ്ഘാടനം ആഗസ്റ്റ് 21 ന് മന്ത്രി കെ.രാജു നിർവ്വഹിച്ചിരുന്നു. ഇന്ന് വൈകിട്ട് 5ന് ചിറ്റയം ഗോപകുമാർ എം.എൽ.എ മുഴുവൻസമയ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ സിന്ധു തുളസീധരകുറുപ്പ് അദ്ധ്യക്ഷയായിരിക്കും. ഇപ്പോൾ സീനിയർ വെറ്ററിനറി സർജനും വെറ്ററിനറി സർജനുമാണുള്ളത്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തനം ആരംഭിക്കുന്നതോടെ വെറ്ററിനറി സർജൻമാരുടെ എണ്ണം മൂന്നായി ഉയരും. ഇതിൽ ഒരാൾ താത്കാലിക ജീവനക്കാരനാണ്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും 2 മുതൽ രാത്രി 8 വരെയും രാത്രി 8 മുതൽ രാവിലെ 8 മണി വരെയും മൂന്ന് ഷിഫ്ടുകളിലായാണ് ജീവനക്കാർ ജോലി നോക്കുക. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സീനിയർ വെറ്ററിനറി സർജൻ, ക്ളാർക്ക്, ലാബ് ടെക്നീഷ്യൻ എന്നിവരുടെ സേവനം ലഭ്യമാകും. രാത്രിയിൽ വെറ്ററിനറി സർജനും അറ്റൻഡറും മാത്രമാണുണ്ടാകുക. ഇവരെ കരാർ അടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്.

നിലവിലുള്ള സൗകര്യങ്ങൾ

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനം തുടങ്ങുന്നതോടെ ഓമനമൃഗങ്ങളെ പരിലാളിച്ചു വളർത്തുന്നവർക്കാണ് സേവനം ഏറെ പ്രയോജനപ്പെടുക. രാത്രിയിലും പോളിക്ളീനിക്കിനെ സമീപിക്കാം. ഫാർമസിസ്റ്റിന്റെ സേവനം ഇല്ലെങ്കിലും അവശ്യമരുന്നുകൾ ഇവിടെത്തന്നെ ലഭ്യമാകും.

ഡോ. സായി പ്രസാദ്, സീനിയർ വെറ്ററിനറി സർജൻ.