
ജില്ലാ പഞ്ചായത്ത് കൊടുമൺ ഡിവിഷൻ
പത്തനംതിട്ട : കൊടുമൺ എന്ന വാക്കിന് സ്വർണഭൂമി എന്നും അർത്ഥമുണ്ട്. ഇടത്തിട്ടയ്ക്ക് അടുത്തുള്ള പൊന്നെടുത്താംകുഴിയിൽ നിന്ന് സ്വർണം കുഴിച്ചെടുത്തിരുന്നു എന്നൊരു വിശ്വാസമുണ്ട്. സംഘകാല കവി കപിലന്റെ പതിറ്റുപ്പത്ത് എന്ന പാട്ടിൽ കൊടുമൺ പ്രദേശത്ത് പണിതിരുന്ന അഴകുള്ള സ്വർണാഭരണങ്ങളെപ്പറ്റി പറയുന്നു. െഎതീഹ്യങ്ങളുടെയും ആത്മീയതയുടെയും നാടാണ് കൊടുമൺ. കൃഷിയാണ് ജനങ്ങളുടെ ഉപജീവനം.
കാർഷിക സമൃദ്ധമായ മലയോര ഗ്രാമത്തിൽ വികനത്തിന്റെ സ്വർണത്തേര് തെളിക്കാൻ കഴിഞ്ഞുവെന്ന് അഭിമാനിക്കുകയാണ് ജില്ലാ പഞ്ചായത്ത് അംഗം ആർ.ബി.രാജീവ്കുമാർ. ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ രാജീവ്കുമാർ കൊടുമൺ ഡിവിഷനിൽ നടപ്പാക്കിയ പ്രധാന വികസന പദ്ധതികളെപ്പറ്റി വിശദീകരിക്കുന്നു.
കൊടുമൺ മാർക്കറ്റ് നവീകരണം
മാർക്കറ്റ് നവീകരണത്തിന് മൂന്ന് ഘട്ടങ്ങളിലായി 95 ലക്ഷം രൂപ ചെലവഴിച്ചു. വിപുലമായ നടപ്പന്തൽ നിർമ്മിച്ച് മാർക്കറ്റ് അതിനുള്ളിലാക്കി. 27 ലക്ഷം രൂപ ചെലവാക്കി ആധുനിക പൊതു ശൗചാലയം സ്ഥാപിച്ചു. സർക്കാരിന്റെ പച്ചക്കറി വിൽപ്പന ശാലയും പഞ്ചായത്ത് ഒാഫീസിന് അനുബന്ധമായി ഒരു കെട്ടിടവും നിർമ്മിച്ചു നൽകി. 1955ൽ തുടങ്ങിയ കൊടുമൺ മാർക്കറ്റിൽ എല്ലാദിവസവും രാവിലെ മുതൽ വൈകിട്ട് വരെ കച്ചവടം നടക്കുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമത്തിന്റെ പേരിൽ അരി ബ്രാൻഡ് പുറത്തിറക്കിയത്. കൊടുമൺ റൈസ് ഇന്ന് പ്രശസ്തമാണ്. റൈസ് മിൽ സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്തിൽ നിന്ന് 65ലക്ഷം അനുവദിച്ചു. ഡിവിഷനിലെ നെൽകൃഷി കൂലിച്ചെലവിനും ഇടവിള കൃഷിക്കും പ്രോത്സാഹനം നൽകി.
12കോടിയുടെ റോഡ് നിർമ്മാണം നടത്തി. ഇളമണ്ണൂർ ബാങ്ക് ജംഗ്ഷൻ-പൂതങ്കര റോഡിന് 31 ലക്ഷം ചെലവാക്കി. പുത്തൻചന്ത-തേപ്പുപാറ റോഡിന് 30ലക്ഷം. അറുകാലിക്കൽ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡിന് 25ലക്ഷം.
---------------
'' കൊടുമൺ ഡിവിഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് നടന്നത്. എല്ലാ വാർഡുകളിലും ശ്രദ്ധിക്കാൻ കഴിഞ്ഞു.''
അഡ്വ. ആർ.ബി.രാജീവ്കുമാർ.
ജില്ലാ പഞ്ചായത്ത് അംഗം
---------------------
വികസനമില്ല, ഫണ്ട് ചെലവാക്കിയത് കരാറുകാർക്ക് വേണ്ടി
ജനോപകാരപ്രദമായ ഒരു വികസനവും ഡിവിഷനിൽ നടന്നില്ല. കരാറുകാർക്കും മുതലാളിമാർക്കും വേണ്ടിയാണ് ഫണ്ടുകൾ ചെലവാക്കിയത്. ആരുടെയൊക്കെയോ പ്രേരണയിലാണ് പദ്ധതികൾ തയ്യാറാക്കിയത്. ത്രതില പഞ്ചായത്തുകളിൽ എൽ.ഡി.എഫ് പ്രതിനിധികൾ ഏറെയുണ്ടായിട്ടും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടു. പുതുക്കിപ്പണിതിട്ട് പത്ത് വർഷം പോലും പഴക്കമാകാത്ത തോട്ടപ്പാലം പാലം വീണ്ടും പണിഞ്ഞത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കണം. ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുള്ള വിഹിതം ഡിവിഷനിലെ പഞ്ചായത്തുകളിൽ ഒരുപോലെ എത്തിയില്ല.
റെജി പൂവത്തൂർ, ഡി.സി.സി ജനറൽ സെക്രട്ടറി