16-hosue-parameswaran
കാട്ടാനകൾ നശിപ്പച്ച തുമ്പാക്കുളം വിളയിൽ പുത്തൻവീട്ടിൽ പരമേശ്വരന്റെ വീട്‌

തണ്ണിത്തോട്: തൂമ്പാക്കുളത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. ഇന്നലെ പുലർച്ചെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ തുമ്പാക്കുളം വിളയിൽ പുത്തൻവീട്ടിൽ പരമേശ്വരന്റെ വീടും കൃഷിയിടവും നശിപ്പിച്ചു. കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് അടുത്തിടെയാണ് പരമേശ്വരനും കുടുബവും ഇവിടെ നിന്ന് താമസം മാറിയത്. അടച്ചിട്ടിരുന്ന ഭിത്തിയും മേൽക്കൂരയും ഗൃഹോപകരണങ്ങളും പറമ്പിലെ തെങ്ങുകളും കവുങ്ങുകളും റബർമരങ്ങളും നശിപ്പിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് പരമേശ്വരന്റെ തൊഴുത്ത് കാട്ടാന നശിപ്പിച്ചിരുന്നു . വനംവകുപ്പിൽ പരാതി നൽകിയതിനെ തുടർന്ന് അതിർത്തിയിൽ സോളാർ വേലികൾ സ്ഥാപിച്ചെങ്കിലും ഇതും കാട്ടാനകൾ നശിപ്പിച്ചു. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടാന ശല്യമുണ്ടങ്കിലും തൂമ്പാക്കുളത്തെയും, പൂച്ചക്കുളത്തെയും സ്ഥിതി രൂക്ഷമാണ്. ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന കാട്ടാനകൾ ആൾത്താമസമില്ലാത്ത വീടുകളും കാർഷികവിളകളും നശിപ്പിച്ച സംഭവങ്ങളുണ്ട്. ഇതുമൂലം മിക്ക കുടുബങ്ങളും ഇവിടെ നിന്ന് താമസം മാറിപ്പോവുകയാണ്. ഭയംമൂലം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. . രണ്ട് വർഷം മുമ്പ് രോഗം ബാധിച്ച കാട്ടാന ഈ മേഖലയിൽ നാല് ദിവസം നിലയുറപ്പിച്ചിരുന്നു . ഒരു വർഷം മുമ്പ് കിണറ്റിൽ വീണ കാട്ടാനയും, കുട്ടിയും സ്വയം കിണർ ഇടിച്ചു നിരത്തിയാണ് കരയ്ക്ക് കയറിയത്.