 
ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ പ്രതിനിധീകരിക്കുന്നത് സാം ഈപ്പനാണ്. പെരിങ്ങര ഗ്രാമപഞ്ചായത്തിൽ രണ്ടുതവണ പ്രസിഡന്റ്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ, അപ്പർകുട്ടനാട് നെൽകർഷക സമിതി പ്രസിഡന്റ്, കേരള സ്റ്റുഡൻസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സാം ഈപ്പൻ നിയമസഭയിലേക്കും ഒരു മത്സരിച്ചിട്ടുണ്ട്.
പുളിക്കീഴ് ഡിവിഷനിൽ സമൂലമായ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാ മേഖലകളിലും പുതിയ കാഴ്ചപ്പാടോടെ വികസനം സാദ്ധ്യമാക്കിയതായും സാം ഈപ്പൻ വ്യക്തമാക്കുന്നു.
കൃഷി തന്നെ പ്രധാനം
അപ്പർകുട്ടനാട്ടിലെ കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ നേരിട്ടറിയാവുന്നതിനാൽ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചു. നെൽകൃഷി ചെയ്യുന്നവർക്ക് ഹെക്ടറിന് 10,000 രൂപ വീതം സഹായം നൽകി. കർഷകരുടെ ബാങ്ക് അക്കൗണ്ട് മുഖേന ഈ തുക വിതരണം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷമായി അഞ്ചുകോടിയോളം രൂപയുടെ വിവിധ സഹായ പദ്ധതികൾ എല്ലാ വിഭാഗത്തിലെ കർഷകർക്കുമായി നൽകി. ഇടവിള കൃഷി, മത്സ്യ കൃഷി എന്നിവയ്‌ക്കെല്ലാം പ്രോത്സാഹനം കൊടുത്തു.
റോഡ് വികസനം
ഗ്രാമീണ മേഖലയിൽ മൂന്നുകോടി രൂപയിലധികം ചെലവഴിച്ച് ഒട്ടേറെ റോഡുകളുടെ വികസനം സാദ്ധ്യമാക്കി. നിരണം - പുത്തൂപ്പള്ളി റോഡിന് 33 ലക്ഷവും നിരണം വൈ.എം.സി.എ - പള്ളിപ്പടി റോഡിന് 20 ലക്ഷവും വൈക്കത്തില്ലം - പെരിങ്ങര റോഡിന് 30 ലക്ഷം രൂപയും അനുവദിച്ചു.
സാന്ത്വന പരിചരണം
പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും കിടപ്പുരോഗികൾക്കും സഹായകമായി ഒട്ടേറെ പ്രവർത്തനങ്ങൾ ആരോഗ്യമേഖലയിൽ കാഴ്ചവച്ചു. പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട് മുതൽ 10 ലക്ഷം രൂപ ഓരോ പഞ്ചായത്തിനും അനുവദിച്ചു. എയർ ബെഡ്, വാട്ടർ ബെഡ് എന്നിവ എത്തിച്ചുകൊടുത്തു.
പട്ടിക വിഭാഗങ്ങൾക്ക് മുൻഗണന
പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ സഹായങ്ങൾ നൽകി. പാർപ്പിട സൗകര്യങ്ങൾ ഒരുക്കിയതിനൊപ്പം ഒട്ടേറെ കുട്ടികൾക്ക് പഠനമുറികളും നിർമ്മിച്ചു നൽകി.
വിദ്യാഭ്യാസം
സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഒട്ടേറെ ഫണ്ടുകൾ ചെലവഴിച്ചു. പെരിങ്ങര ഗവ. ഗേൾസ് ഹൈസ്‌കൂൾ കെട്ടിടം (ഒരുകോടി), നെടുമ്പ്രം പഞ്ചായത്ത് ഗവ.ഹൈസ്‌കൂൾ (15 ലക്ഷം), ചാത്തങ്കരി ഗവ.എൽ.പി. സ്‌കൂൾ, മേപ്രാൽ സെന്റ് ജോൺസ് എൽ.പി.സ്‌കൂൾ എന്നിവിടങ്ങളിൽ 48 ലക്ഷം, കൂടാതെ 20 ലക്ഷം വീതം രണ്ട് സ്‌കൂളുകളിലും അനുവദിച്ചു.
വികസനം തടസപ്പെട്ടു
അപ്പർകുട്ടനാട് ഉൾപ്പെടുന്ന പുളിക്കീഴ് ഡിവിഷനിൽ കർഷകരും ജനങ്ങളും അഭിമുഖീകരിക്കുന്ന ഒട്ടേറെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞില്ല. സമയത്ത് കൊയ്ത്ത് നടത്തണമെങ്കിൽ പോലും തമിഴ്‌നാട്ടിൽ നിന്ന് മെഷീൻ വരണം. കൃഷിനാശം ഉണ്ടായ കർഷകർക്ക് ഇപ്പോഴും ധനസഹായം ലഭിച്ചിട്ടില്ല. ഏകോപനമില്ലാത്തെ പ്രവർത്തനങ്ങൾ കാരണം വികസനം തടസപ്പെട്ടു. സ്വജനപക്ഷപാതവും സുതാര്യതയില്ലാത്ത പ്രവർത്തനങ്ങളും കാരണം അഴിമതി വ്യാപകമാണ്. പുളിക്കീഴ് ഡിവിഷന്റെ പിന്നാക്കാവസ്ഥ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണകരമാകും.
പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
(കെ.പി.സി.സി സെക്രട്ടറി)