ചെങ്ങന്നൂർ: കൊവിഡ് പ്രവർത്തനങ്ങളിലും ക്രമസമാധാന പാലനത്തിലും പ്രവർത്തിക്കേണ്ട പൊലീസിന് വ്യാപകമായി കൊവിഡ് വ്യാപനം ഉണ്ടായിട്ടും അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് ആരോപണം. ഇത് സംബന്ധിച്ച് ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് നഗരസഭ ചെയർമാൻ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകി. മറ്റു സ്റ്റേഷനുകളിൽ നിന്നും ക്യാമ്പിൽ നിന്നും കൂടുതൽ പൊലീസിനെ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെയർമാൻ കത്ത് നൽകിയത്.എന്നാൽ ചെങ്ങന്നൂരിലെ ഉന്നത ഉദ്യേഗസ്ഥർ ഈ ആവശ്യം ഉന്നയിക്കാത്തതിനാൽ നടപടി ഉണ്ടായില്ല. ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോകാൻ സാധിക്കുന്നില്ല.നഗരത്തിലെ പ്രധാന വാർഡായ 20ാം വാർഡിൽ തുടർച്ചയായി പോസിറ്റീവ് കേസുകൾ റപ്പോർട്ട് ചെയ്യുന്നതിനാൽ കണ്ടൈയ്ൻമെന്റ് സോണാക്കി. പൊലീസിന്റെ വീഴ്ച്ചമൂലം സ്റ്റേഷനിൽ ഉണ്ടാകുന്ന രോഗ വ്യാപനം വാർഡിലെ ജനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കുമാണ് വിനയാകുന്നത്. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ വേണ്ട നടപടി സ്വീകരിക്കാത്തതിൽ ആരോഗ്യ വകുപ്പിനും ഉത്തരവാദിത്തമുണ്ട്.നഗരത്തിലെ പലസ്ഥാപനങ്ങളിലും ഉചിതമായ നടപടി സ്വീകരിച്ച ആരോഗ്യ പ്രവർത്തകർ ഒരു സ്റ്റേഷനിലെ 22 ഓളം പൊലീസുകാർക്ക് കൊവിഡ് രോഗം വന്നത് അറിഞ്ഞമട്ടില്ല.