eco
പെരിങ്ങരയെ മാതൃകാ പച്ചത്തുരുത്താക്കാനായി പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ ഹൈസ്‌കൂൾ വളപ്പിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ മാതൃകാ തൈകൾ നട്ടുപിടിപ്പിക്കുന്നു

തിരുവല്ല: നെൽകൃഷിയിൽ പെരുമയുള്ള പെരിങ്ങര ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ മാതൃകാ പച്ചത്തുരുത്താക്കി മാറ്റുന്ന ജോലികൾ തകൃതിയായി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾ നടത്തി കേരളത്തിനുതന്നെ മാതൃകയായി സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ പച്ചത്തുരുത്ത് പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിലെ ഒരേക്കറോളം സ്ഥലത്താണ് ഒരുങ്ങുന്നത്. വിദ്യാർത്ഥികൾക്കും പരിസ്ഥിതി ഗവേഷകർക്കും പ്രവർത്തകർക്കും അക്കാദമിക കാര്യങ്ങൾക്ക് ഉൾപ്പെടെ പ്രയോജനപ്പെടും വിധമാണ് പച്ചത്തുരുത്ത് തയാറാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം ഒരുക്കുന്ന ജോലികൾക്ക് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ 1000 പച്ചത്തുരുത്തുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു. പെരിങ്ങര മാതൃകാ പച്ചത്തുരുത്ത് ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ ഓൺലൈനായി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് അദ്ധ്യക്ഷയായി. മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ് സന്ദേശം നൽകി. ബ്ലോക്ക് പ്രസിഡന്റ് അംബികാ മോഹൻ തൈനടീൽ ഉദ്ഘാടനം ചെയ്തു. പച്ചത്തുരുത്തിന്റെ തുടർപരിപാലനവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് ചെയർപേഴ്‌സണും വാർഡ് മെമ്പർ പി.ജി പ്രകാശ് കൺവീനറുമായ ജനകീയ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ബയോഡൈവേഴ്‌സിറ്റി ജില്ലാ കോർഡനേറ്റർ മാത്യു എം.തോമസ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ജി.എസ് സരസ്വതി അന്തർജനം, സയൻസ് അധ്യാപികമാരായ പ്രീതി,ചിത്ര, കൃഷി ഓഫീസർ,തൊഴിലുറപ്പ് പദ്ധതി അസി.എൻജിനീയർ, മേറ്റുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, വിദ്യാർത്ഥികൾ,തൊഴിലുറപ്പ് അംഗങ്ങൾ,സമീപവാസികൾ എന്നിവരെയും അംഗങ്ങളാക്കിയാണ് ജനകീയ സംഘാടക സമിതി രൂപീകരിച്ചത്.

----------------
മരോട്ടി മുതൽ കരിമരം വരെ

അപൂർവ്വവും വ്യത്യസ്ത വിഭാഗത്തിലും ഉൾപ്പെട്ട മരോട്ടി, അശോകം, വേങ്ങ, ഉങ്, കരിമരം, അത്തി, ഇത്തി, താന്നി തുടങ്ങി 250ൽ പരം തൈകൾ നടും. പച്ചത്തുരുത്തിനെ ദേശീയ നിലവാരത്തിലുള്ള ബയോപാർക്ക് ആക്കുകയാണ് ലക്ഷ്യമിടുന്നത്. മാതൃകാ പച്ചത്തുരുത്തിലേക്ക് നടപ്പാത, ജൈവവേലി, നെയിംബോർഡുകൾ ഉൾപ്പെടെ ഒരുക്കും. പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത് കോട്ടയം ആസ്ഥാനമായുളള ടൈസ് (ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ്) എന്ന സ്ഥാപനമാണ്.