ചെങ്ങന്നൂർ: ശരണ പാതയിൽ ചെങ്ങന്നൂരിൽ എത്തുന്ന അയ്യപ്പഭക്തർക്ക് വിരിവയ്ക്കുന്നതിന് ആധുനിക സൗകര്യങ്ങളോടു കൂടിയ ഇടത്താവളമൊരുങ്ങുന്നു. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിനു സമീപം ശബരിമല ഇടത്താവളുമായി ബന്ധപ്പെട്ട വൻ വികസന പദ്ധതികൾക്കാണ് തുടക്കമാകുന്നത് കുന്നത്തുമല ക്ഷേത്രത്തിനു സമീപമുള്ള ദേവസ്വം ബോർഡ് വക സ്ഥലത്തും, കിഴക്കേനടയിലും 9കോടി 56ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു.നിർമ്മാണം ഉടൻ ആരംഭിക്കും.കിഫ്ബി ഫണ്ടിൽ നിന്നുമാണ് തുക കണ്ടെത്തുക.ക്ഷേത്രത്തിനു സമീപമുള്ള കുന്നത്തുമലയിൽ നിലവിലുള്ള ഭജനമഠം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിർമ്മിക്കും.ഒരേ സമയം 450 പേർക്ക് വിരി വക്കുന്നതിനും, 200 പേർക്ക് താമസിക്കുന്നതിനുള്ള ഡോർമെറ്ററി സൗകര്യവുമാണ് ഇവിടെ തയാറാകുന്നത്. ഇരുനൂറു പേർക്കുള്ള ഭക്ഷണ ശാലയും ഇതോടൊപ്പം ഉണ്ടാകും.ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ, ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങളും ഇവിടെയൊരുക്കും.സന്നിധാനത്തും,പമ്പയിലും ഉണ്ടാകുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവിടെ ലോക്കർ സൗകര്യം ആരംഭിക്കും.കോൺട്രാക്ട് വാഹനങ്ങളിൽ എത്തുന്നവർക്ക് ഡോർമെറ്ററിയിൽ പ്രത്യേക സൗകര്യമൊരുക്കും.കിഴക്കേനടയിൽ നിലവിൽ ദേവസ്വം ബോർഡ് ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഒന്നേകാൽ ഏക്കർ സ്ഥലത്ത് പഴയ കെട്ടിടങ്ങൾ ഒഴിവാക്കി, പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കും.10,837ചതുരശ്ര അടി വിസ്തീർണം വരുന്ന താഴത്തെ നില ഉൾപ്പെടെ മൂന്നു നിലയിലുള്ള കെട്ടിടത്തിൽ,1500 പേർക്കിരിക്കാവുന്ന എ.സി സൗകര്യത്തോടു കൂടിയ സദ്യാലയം ഉണ്ടാകും. 35കാർ അടക്കമുള്ള വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമുണ്ടാകും.250പേർക്ക് താമസിക്കാനുള്ള ഡോർമെറ്ററി സൗകര്യം ഇവിടെയും തയാറാകും.

അന്യസംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ ചെങ്ങന്നൂരിൽ എത്തുന്ന അയ്യപ്പഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്ന പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിന് പരിഹാരം ഉണ്ടാവുകയാണ്.

സജി ചെറിയാൻ

(എം.എൽ.എ )