 
റാന്നി : മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ റാന്നി ബ്ലോക്ക് പടി പൗവത്ത് വീട്ടിൽ രത്നാകരന്റെ മകൻ രാജീവ് (37) മർദ്ദനമേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനെ (25) അറസ്റ്റുചെയ്തു. പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രി 9ന് അതുലും രാജീവും അതുലിന്റെ വീടിന് മുന്നിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഭക്ഷണം വരാൻ വൈകിയതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. അതുലിന്റെ ഫോൺ രാജീവ് എടുത്തെറിഞ്ഞു. തുടർന്ന് അതുൽ രാജീവിനെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. നിലത്തുവീണ രാജീവ് മദ്യ ലഹരിയിൽ അനങ്ങാതെ കിടക്കുകയാണെന്ന് അതുൽ കരുതി. മണിക്കൂറുകൾ കഴിഞ്ഞിട്ടും രാജീവ് ഉണരാതെ വന്നതോടെ ഒട്ടോയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിയും തൊഴിയുമേറ്റ് രാജീവിന്റെ വാരിയെല്ല് തകർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു. രാജീവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. അവിവാഹിതനാണ് രാജീവ്.
തിരുവല്ല ഡിവൈ. എസ്.പി. ടി.രാജപ്പൻ, റാന്നി സി.െഎ കെ. എസ്. വിജയൻ, എസ്. ഐമാരായ സോമനാഥൻ നായർ, എസ്. ജി.പ്രസാദ്., ജേക്കബ് ജോർജ്, എസ്.സി. പി. ഒ. രാജേഷ്, സുധീഷ്, മണിലാൽ, സി. പി. ഒമാരായ ഷിന്റോ, ദിനേശ് കുമാർ, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അതുലിനെ അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു. കഞ്ചാവ് വിൽപ്പന കേസിൽ അതുൽ തൊടുപുഴയിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.