16-nrg-ajimon

നാരങ്ങാനം: കെ.എസ്.ഇ.ബി. ജീവനക്കാരുടെ മർദ്ദനമേറ്റ് ഗൃഹനാഥന് ഗുരുതര പരിക്ക്.നാരങ്ങാനം ആലുങ്കൽ പുളിമൂട്ടിൽ അജിമോനാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം.

വീട്ടിലേക്കുള്ള വഴി അടയുന്ന തരത്തിൽ ഇലക്ട്രിക് പോസ്റ്റ് ഇടുന്നതിന് കുഴിയെടുക്കുന്നത് കണ്ട അജിമോൻ വഴിയിൽ തടസമാകാത്ത തരത്തിൽ പോസ്റ്റ് മാറ്റി ഇടണമെന്ന് ആവശ്യപ്പെട്ടു. ഇത് വകവയ്ക്കാതെ കുഴിയെടുക്കുന്നത് തടയാനെത്തിയപ്പോൾ ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. റോഡിൽ പാകിയ സിമന്റ് കട്ട കൊണ്ടുള്ള ഇടിയേറ്റ് തലയ്ക്ക് മുറിവേറ്റ അജിമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാർക്ക് ഒപ്പമുണ്ടായിരുന്ന വനിതാ എക്‌സിക്യൂട്ടീവ് എൻജിനീയറും പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു. ആറന്മുള പൊലീസ് അന്വേഷണം തുടങ്ങി.

കോൺഗ്രസ് മുൻ നാരങ്ങാനം മണ്ഡലം പ്രസിഡന്റും ബ്ലോക്ക് സെക്രട്ടറിയുമാണ് അജിമോൻ. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ആർ. രമേശ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. അമീർ എന്നിവർ ആശുപത്രിയിലെത്തി അജിമോനെ സന്ദർശിച്ചു. മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11ന് കോഴഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് കോൺഗ്രസ് നാരങ്ങാനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും.