 
തിരുവല്ല: കാത്തിരിപ്പിനൊടുവിൽ തിരുമൂലപുരത്തെ കൂറ്റൻ ജലസംഭരണിയിൽ ശുദ്ധജലമെത്തിക്കാൻ തുടങ്ങി.തിരുവല്ല നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലസേചന വകുപ്പ് തയാറാക്കിയ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് തിരുമൂലപുരത്ത് 15ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണി സ്ഥാപിച്ചത്.വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പദ്ധതിയുടെ ജോലികൾ നടന്നുവരികയായിരുന്നു. കഴിഞ്ഞദിവസം പരീക്ഷണാടിസ്ഥാനത്തിൽ സംഭരണിയിൽ വെള്ളം നിറച്ചു. മുൻസിപ്പൽ വാർഡ് കൗൺസിലർ അജിത,വാട്ടർ അതോറിറ്റി പ്രൊജക്ട് അസി.എക്സിക്യുട്ടീവ് എൻജിനീയർ മഞ്ജുമോൾ, അസി.എൻജിനീയർ അൻപുലാൽ,ഓവർസിയർ ആഷിറ,കോൺട്രാക്ടർ അബു മാത്യു,സൈറ്റ് എൻജിനീയർമാരായ സന്തോഷ് കുമാർ,അനീഷ് ഭരതൻ,ബിജേഷ് എന്നിവർ പ്രവർത്തങ്ങൾ വ്യാഴാഴ്ച വിലയിരുത്തി.കല്ലിശേരിയിലെ ശുദ്ധീകരണശാലയിൽ നിന്നാണ് ഈ സംഭരണിയിലേക്ക് ജലമെത്തിക്കുന്നത്. ഇവിടെ നിന്നും അനുബന്ധമായി ഘടിപ്പിച്ച പൈപ്പ് ലൈനുകളിലേക്ക് ഘട്ടം ഘട്ടമായി ജലം തുറന്ന് വിടും. തകരാറുള്ള ഭാഗങ്ങൾ പരിഹരിക്കും.
ഡിസംബർ അവസാനത്തോടെ പൂർത്തിയാകും
ഡിസംബർ അവസാനത്തോടെ പദ്ധതി പൂർണമായി കമ്മീഷൻ ചെയ്യാനുള്ള പരിശ്രമമാണ് അധികൃതർ നടത്തുന്നത്. ഇതോടെ തിരുമൂലപുരത്തെയും സമീപ പ്രദേശങ്ങളിലെയും ജലക്ഷാമം പരിഹരിക്കപ്പെടും. ഈ പദ്ധതിയുടെ ഭാഗമായി തിരുവല്ല ജല അതോറിറ്റിയിൽ സ്ഥാപിച്ചിരിക്കുന്ന ജലസംഭരണിയുടെയും അനുബന്ധ പൈപ്പ് ലൈനിന്റെയും നിർമ്മാണവും അന്തിമഘട്ടത്തിലാണ്.കിഫ്ബിയിൽ നിന്നുള്ള 58 കോടി രൂപ ചെലവിടുന്ന പദ്ധതിയാണിത്.തിരുമൂലപുരം ജംഗ്‌ഷന് സമീപത്തെ സ്ഥലത്ത് ജല സംഭരണി കൂടാതെ ഓഫീസിന്റെ നിർമ്മാണവും പൂർത്തിയാക്കിയിട്ടുണ്ട്.
ഡിസംബർ ആദ്യവാരത്തോടെ എല്ലാ വീടുകളിലും ശുദ്ധജലമെത്തും
അൻപുലാൽ
(പ്രൊജക്ട് അസി.എൻജിനീയർ)
-15ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണി
58 കോടിയുടെ പദ്ധതി