
അടൂർ : അടൂർ റവന്യൂ ടവർ നവീകരണത്തിന് തുടക്കമായി. 2001 മാർച്ച് 27 ന് റവന്യൂ മന്ത്രിയായിരുന്ന പി. ജെ. ജോസഫാണ് റവന്യൂ ടവർ ഉദ്ഘാടനം ചെയ്തത്.ഒരു ഡസിനിലധികം സർക്കാർ ഒാഫീസുകളും വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.. പക്ഷേ സംരക്ഷണമില്ലാതെ കെട്ടിടം ശോച്യാവസ്ഥയിലാവുകയായിരുന്നു. ശുചീകരണത്തിനായി ദിവസവേതനത്തിൽ ആളുകളെ നിയമിച്ചിട്ടുണ്ടെങ്കിലും ശമ്പളക്കുറവ് കാരണം ശുചീകരണം പേരിലൊതുങ്ങുകയായിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും വ്യാപാരികളും സർക്കാർ സ്ഥാപനങ്ങളും വാടകയിനത്തിൽ ലക്ഷങ്ങളുടെ കുടിശികവരുത്തിയതോടെ നവീകരണ പദ്ധതികൾ ഫയലിൽ ഒതുങ്ങി. ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യം ഉയർന്നെങ്കിലും സാമ്പത്തിക പരിമിതി കാരണം നടപടി വൈകുകയായിരുന്നു. ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ് ഇടപെട്ടതോടെയാണ് നവീകരണത്തിന് പണം അനുവദിച്ചത്. നിർമ്മാണം കരാറുകാരെ ഏൽപ്പിക്കാതെ ലേബർ കോൺട്രാക്ട് നൽകി നേരിട്ട് നടത്തും.
-----------------
റവന്യൂ ടവർ:
സെല്ലാർ, ഗ്രൗണ്ട് ഫ്ളോർ എന്നിവയ്ക്ക് പുറമേ 5 നില മന്ദിരം.
വിസ്തീർണ്ണം : 1,46,000 ചതുരശ്ര അടി.
-----------------------
നവീകരണത്തിന് അനുവദിച്ചത് : 58 ലക്ഷം.
-----------------
നവീകരണ പദ്ധതികൾ :
ടോയ്ലെറ്റുകളുടെ നവീകരണത്തിനൊപ്പം ഒാരോ യൂറോപ്യൻ ക്ളോസറ്റുകൾ കൂടി സ്ഥാപിക്കും.
റവന്യൂ ടവറിന് ചുറ്റുമുള്ള മുറ്റം പൂട്ടുകട്ടകൾ പാകി വൃത്തിയാക്കും.
ടോയ്ലറ്റുകളുടെ വാതിലുകൾ ബലപ്പെടുത്തി പുനസ്ഥാപിക്കും.
ഇടിഞ്ഞ തറയും ഇളകിയ മാർബിളുകളും ബലപ്പെടുത്തും
കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ.
ഒാടകളുടെ ശുചീകരണം
പെയിന്റിംഗ്
-----------------------
നവീകരിക്കുന്നതോടെ റവന്യു ടവറിന് പുതിയ മുഖം കൈവരും. ശുചീകരണത്തിന്റെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കും. കൊവിഡ്കാല പ്രതിസന്ധി കണക്കിലെടുത്ത് വ്യാപാരികൾക്ക് 3 മാസത്തെ വാടക ഒഴിവാക്കി നൽകി.
പി. പ്രസാദ്,
ചെയർമാൻ,
സംസ്ഥാന ഹൗസിംഗ് ബോർഡ്.