17-mulamkadu

മലയാലപ്പുഴ: മുക്കുഴിയുടെ സൗന്ദര്യമാണ് മുളംകാടുകൾ . റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനത്തിന് സമീപം മുക്കുഴി - തെക്കുംമല റോഡരികിലാണ് മുളംകാടുകൾ . വിനോദസഞ്ചാര സാദ്ധ്യതയുള്ള പ്രദേശമാണിത്,​.ഹെക്ടർ കണക്കിന് സ്ഥലത്ത് കാൽനൂറ്റാണ്ട് മുമ്പ് വനംവകുപ്പ് വച്ചുപിടിപ്പിച്ച മുളകളാണിവ. കച്ചവടത്തിനാണ് നട്ടതെങ്കിലും പാകമായിട്ടും മുറിച്ചുനീക്കിയിട്ടില്ല. കുന്നുകളും പാറക്കൂട്ടങ്ങളും മുളംകാടിന് മാറ്റുകൂട്ടുന്നു. മുളംകൂട്ടങ്ങൾ വ്യാപിച്ച് കൂടാരമായതോടെ അടിക്കാട് തെളിഞ്ഞ് മനോഹരമായിട്ടുണ്ട്. . മഴ തുടങ്ങിയതോടെ ഇവിടെ പുതിയ മുളംകൂമ്പുകൾ നാമ്പെടുത്ത് തുടങ്ങി. ജൂലായ് മുതൽ 4,​ 5 മാസങ്ങൾ കൊണ്ട് നാമ്പെടുക്കുന്ന പ്രക്രിയ പൂർത്തിയാവും . മാൻ, കാട്ടുപന്നി, എലി, കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ ആഹാരമാണ് മുളംകൂമ്പുകൾ. മണ്ണിനെ സംരക്ഷിക്കുന്നതിൽ മുളംകൂട്ടങ്ങൾക്ക് പങ്കുണ്ട് .

മഴവെള്ളം ഭൂഗർഭത്തിലേക്ക് ഊർന്നിറങ്ങി ജലസമ്പത്ത് പുഷ്ടിപ്പെടുത്തി അതിലൂടെ വറ്റാത്ത നീരുറവകൾ സൃഷ്ടിക്കുന്നു. ഈ മലഞ്ചരുവിലെ കുത്തനെ ചരിഞ്ഞ പ്രദേശങ്ങളിലെ ഉപരിതലമണ്ണിനെ ഉറപ്പിച്ചുനിറുത്തുന്നത് മുളംകാടുകളാണ്. ആവാസ വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാണ് ഇവ. മരങ്ങളെക്കാൾ 35% ഓക്‌സിജൻ മുള പുറത്തുവിടും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.