k

പത്തനംതിട്ട : കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ജീവനക്കാരുടെ കുറവ് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. കൊവിഡ് ഡ്യൂട്ടിക്ക് തയ്യാറാകുന്നവർ കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യുന്നതനുസരിച്ചാണ് ആരോഗ്യ വകുപ്പ് തിരഞ്ഞെടുക്കുന്നത്. എന്നാൽ രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗവും ജോലിക്കെത്തിയിട്ടില്ല. മൂന്നുമാസ കാലയളവിലാണ് ഇവരെ നിയമിക്കുന്നത്. നഴ്സുമാരേക്കാൾ ക്ഷാമം ഡോക്ടർമാർക്കാണ്. സ്പെഷ്യലിസ്റ്റുകളടക്കം 320 ഡോക്ടർമാരായിരുന്നു ജില്ലയിൽ ഉണ്ടായിരുന്നത്.

ക്ഷാമം ഡോക്ടർമാർക്ക്

നഴ്സുമാരും അറ്റൻഡർമാരും അത്യാവശ്യം ഉണ്ടെങ്കിലും ഡോക്ടർമാരാണ് കുറവ്. കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്ത് ഡ്യൂട്ടിക്കെത്തിയ 36 ജൂനിയർ ഡോക്ടർമാർ മടങ്ങിപ്പോയി. പി.ജി എൻട്രൻസ് അടുത്തതിനാൽ ഡ്യൂട്ടിക്കിടയിൽ പഠിക്കാനും മറ്റും ഡോക്ടമാർക്ക് സാധിക്കാത്തതിനാലാണ് മടങ്ങിപ്പോയത്. രജിസ്റ്റർ ചെയ്തവരിൽ പലരും ഡ്യൂട്ടിക്കെത്താൽ മടിക്കുന്നുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്ത 18 പേരിൽ ഏഴുപേർ ജോലിക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊവിഡിന് മുമ്പ് 320 ഡോക്ടർമാർ ഉണ്ടായിരുന്നു എൻ.എച്ച്.എം വഴിയെത്തിയ 50 പേർ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് . ഈ നില തുടർന്നാൽ രോഗികൾ വർദ്ധിക്കുമ്പോഴേക്കും വലിയ പ്രതിസന്ധിയിലാകും

നഴ്സുമാർ 600

കൊവിഡിന് മുമ്പ് ജില്ലയിൽ 420 നഴ്സുമാരായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് ഡ്യൂട്ടിക്കായി 287 പേരാണ് കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്തത്. 180 പേർ ജോലിയിൽ പ്രവേശിച്ചു. ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും കൂടാതെ എട്ട് സി.എഫ്.എൽ.ടി കളിലും ജീവനക്കാർ ആവശ്യമാണ്.

200 അറ്റൻ‌ഡർമാർ നേരത്തെ ഉണ്ടായിരുന്നു. 70 പേരെക്കൂടി കൊവിഡ് ബ്രിഗേഡിൽ നിന്നെടുത്തു. ഇനിയും ജീവനക്കാരെ ആവശ്യമുണ്ട്.

" ഇപ്പോൾ സാഹചര്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. കൊവിഡ് കേസുകൾ വർദ്ധിച്ചാൽ ഡോക്ടർമാർ ഇനിയും വേണ്ടി വരും. ഡോക്ടർമാരുടെ ക്ഷാമമാണ് കൂടുതൽ.നഴ്സുമാർ അത്യാവശ്യം ഉണ്ട്. "

ഡോ.എ.എൽ ഷീജ

(ഡി.എം.ഒ)