ചെങ്ങന്നൂർ : നഗരസഭയുടെ ക്രിസ്ത്യൻ കോളേജിലെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം ഇന്നലെ മുതൽ നിറുത്തിവച്ചു. നഗരസഭയെ ഔദ്യോഗികമായി അറിയിക്കാതെയുള്ള നടപടിയിൽ ചെയർമാൻ കെ. ഷിബുരാജൻ ജില്ലാ കളക്ടർ എ.അലക്‌സാണ്ടറെ പ്രതിഷേധമറിയിച്ചു. രോഗികളെ മറ്റ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റുകയും ജീവനക്കാരെ ജോലിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളെ ജില്ലാ ഭരണകൂടം ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് അയക്കുന്നത് നിറുത്തിവച്ചിരുന്നു. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.എം.രാജീവിനെ ഫോണിലൂടെയാണ് കഴിഞ്ഞ ദിവസം സെന്ററിന്റെ പ്രവർത്തനം നിറുത്തിവെയ്ക്കുന്നത് സംബന്ധിച്ച വിവരം അറിയിച്ചത്.ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നെങ്കിൽ നഗരസഭാ ജീവനക്കാരെ ജോലിയിൽ നിന്നും പൂർണമായും ഒഴിവാക്കണമെന്നും സബ്കളക്ടറോട് ആവശ്യപ്പെട്ടതായും ചെയർമാൻ അറിയിച്ചു.ജില്ലാ ഭരണകൂടം നഗരസഭാ പ്രദേശത്ത് പുതിയ സെന്റർ കണ്ടെത്തി പ്രവർത്തിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ടെങ്കിലും നഗരസഭ അത് ഏറ്റെടുത്ത് നടത്താൻ തയാറല്ലെന്നും ചെയർമാൻ കളക്ടർക്ക് നൽകിയ കത്തിൽ പറയുന്നു.