elr
പുതിയ െകെട്ടിടം

ഇളമണ്ണൂർ: ആധുനിക സൗകര്യങ്ങളോടെ ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിന് നിർമ്മിച്ച പുതിയ കെട്ടിടം പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. മന്ത്രി കെ.കെ. ശൈലജ ഇന്ന് രാവിലെ 10.30ന് ഒാൺലൈനിൽ കെട്ടിടം ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. 8.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ടു വർഷത്തിനിടയിൽ ആരോഗ്യ കേന്ദ്രത്തിൽ നടന്നത് . മൂന്ന് നില കെട്ടിടത്തിന് 5.8 കോടി രൂപയും ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ്, കെമിക്കൽ അനലൈസർ, പവർ ജനറേറ്റർ, കായംകുളം- പത്തനാപുരം സംസ്ഥാനപാതയിലെ ആശുപത്രികവാടത്തിൽ കോൺക്രീറ്റ് കമാനം എന്നിവയ്ക്ക് 2.7 കോടി രൂപയും ചെലവഴിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. രാജഗോപാലൻ നായരുടെ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്ത് നബാർഡിന്റെ സഹായത്തോടെയാണ് വികസനപ്രവർത്തനങ്ങൾ നടത്തിയത്. ആധുനിക രീതിയിലുള്ള ലാബ്, ഫാർമസി, ഗൈനക്കോളജി വിഭാഗം, കുട്ടികളുടെ വിഭാഗം അടക്കമുള്ള സൗകര്യങ്ങൾ നടപ്പാക്കും. നിലവിൽ ഏഴ് ഡോക്ടർമാരുണ്ട്.

ആധുനിക രീതിയിലുള്ള ചികിത്സാ സൗകര്യവും ശീതീകരിച്ച ലാബും ഫാർമസിയും ഉണ്ടാകും. ലാബിൽ മുഴുവൻ സമയവും ഓട്ടോമാറ്റിക് അനലൈസർ സംവിധാനവും ഒരുക്കും. ഫാർമസിയിൽ മരുന്നുകൾ സൂക്ഷിക്കാൻ പ്രത്യേക റാക്കുകളും സ്റ്റോറും ഉണ്ടാകും. സ്റ്റോർ, ഓട്ടോമാറ്റിക് അനലൈസർ യന്ത്രവും ഡിജിറ്റൽ എക്‌ സ് റേ എടുക്കുന്നതിനായുള്ള യന്ത്രവും പവർ ജനറേറ്ററും പ്രവർത്തനം ആരംഭിച്ചിരുന്നു. സി.എച്ച്.സിയിലെ ഒ.പി പ്രവർത്തനത്തിന്റെ സമയം രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെയാണ്. ലാബിന്റെ പ്രവർത്തനം രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ. പുതിയ ജീവനക്കാരുടെ വരവോടെ സമയം നീട്ടും.

അഞ്ച് ഡോക്ടർമാർ ഉൾപ്പെടെ 50ൽപരം നിയമനങ്ങളാണ് പുതുതായി ഉണ്ടാവുക.

തീരദേശമായ ആലപ്പുഴയെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയ്ക്കരികിൽ അടൂർ ജനറൽ ആശുപത്രി കഴിഞ്ഞാൽ പ്രധാന ആശുപത്രിയാണ് ഏനാദിമംഗലത്തേത്.

----------------

കെട്ടിടത്തിന് 3 നില


ഒന്നാം നിലയിൽ - ഗൈനക്കോളജി വിഭാഗം

രണ്ടാം നിലയിൽ - രണ്ട് ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു, പോസ്റ്റ് ഓപ്പറേറ്റീവ് വിഭാഗം, കുട്ടികൾക്കുള്ള വിഭാഗം എന്നിവ

മൂന്നാം നിലയിൽ - . 40 കിടക്കകളുള്ള വാർഡും മറ്റ് സൗകര്യങ്ങളും