
പത്തനംതിട്ട: കേരളകോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയത് ജില്ലയിലെ 27 പഞ്ചായത്തുകളിലും നഗരസഭകളിലും മുന്നണി ബന്ധങ്ങളിൽ പ്രതിഫലിക്കും. തിരുവല്ല, റാന്നി, ആറൻമുള, കോന്നി മണ്ഡലങ്ങളിലെ ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ കേരളകോൺഗ്രസിന് സ്വാധീനമുണ്ട്. കൂടുതൽ അംഗങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് ജോസ്, ജോസഫ് പക്ഷങ്ങൾ അവകാശപ്പെടുന്നു. അതേസമയം, ഭൂരിഭാഗം അംഗങ്ങളും ജോസിന്റെ മുന്നണി മാറ്റത്തോട് നിലപാട് വ്യക്തമാക്കിയിട്ടില്ല.
പത്തനംതിട്ട നഗരസഭയിൽ ജോസ് പക്ഷത്തുണ്ടായിരുന്ന ഷൈനി ജോർജ് കൗൺസിലർ സ്ഥാനം രാജിവച്ച് ജോസിനൊപ്പം ചേർന്നിട്ടുണ്ട്. നഗരസഭയിൽ നാല് അംഗങ്ങളാണ് കേരളകോൺഗ്രസിനുള്ളത്. തിരുവല്ല നഗരസഭയിൽ 10 കേരളകോൺഗ്രസ് കൗൺസിലർമാർ ഉളളതിൽ ഏഴും ജോസഫ് പക്ഷത്തും മൂന്ന് പേർ ജോസ് പക്ഷത്തുമാണെന്ന് അറിയുന്നു. പന്തളം നഗരസഭയിലെ ഏക അംഗം കെ.ആർ. രവി ജോസഫ് പക്ഷത്താണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിൽ കേരള കോൺഗ്രസിന് 55 പ്രതിനിധികളാണ് ഉള്ളത്. കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജ് ജോസഫ് പക്ഷത്താണ്. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു നിലപാട് അറിയിച്ചിട്ടില്ല.
എഴുമറ്റൂർ, മല്ലപ്പളളി, കോട്ടാങ്ങൽ, ആനിക്കാട്, വെച്ചൂച്ചിറ, കവിയൂർ, കുറ്റൂർ, നിരണം, നെടുമ്പ്രം, കുന്നന്താനം, കോയിപ്രം, കോഴഞ്ചേരി, ഇരവിപേരൂർ, അയിരൂർ, കൊറ്റനാട്, നാരങ്ങാനം, ഇലന്തൂർ, റാന്നി, റാന്നി അങ്ങാടി, പഴവങ്ങാടി, പെരുനാട്, മൈലപ്ര, വടശേരിക്കര, അരുവാപ്പുലം, കോന്നി പഞ്ചായത്തുകളിൽ കേരളകോൺഗ്രസ് അംഗങ്ങളുടെ രാഷ്ട്രീയ നിലപാട് ഭരണത്തെ സ്വാധീനിക്കും.
രാഷ്ട്രീയനേട്ടമാകുമെന്ന് എൽ.ഡി.എഫ്
പത്തനംതിട്ട: കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഒപ്പം കൂട്ടാനായത് തദ്ദേശസ്ഥാപനങ്ങളിലടക്കം രാഷ്ട്രീയ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ് ജില്ലാ നേതൃത്വം. യു.ഡി.എഫ് ഭരണത്തിലുള്ള തിരുവല്ല, പത്തനംതിട്ട നഗരസഭകൾ തിരികെപ്പിടിക്കാൻ ജോസ് വിഭാഗത്തിന്റെ പിന്തുണ സഹായകരമാകുമെന്ന പ്രതീക്ഷ യുണ്ടെന്ന് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല പറഞ്ഞു. നിരവധി ഗ്രാമപഞ്ചായത്തുകളിലും മുന്നണിക്ക് പിൻബലമേകാൻ ജോസ് വിഭാഗത്തിനു ശക്തിയുണ്ട്. ഇതിനനുസൃതമായ ചർച്ചകൾ ആരംഭിക്കും.
പ്രവർത്തകർ തങ്ങൾക്കൊപ്പമെന്ന് യു.ഡി.എഫ്
ജോസ് വിഭാഗം വിട്ടുപോയെങ്കിലും കേരളകോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി യു.ഡി.എഫിൽ നിൽക്കുമെന്ന്
ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ്. പാർട്ടി വീണ്ടും പിളരുന്നതിനെതിരായിരുന്നു ജില്ലയിലെ കേരള കോൺഗ്രസ് വികാരം. പി.ജെ. ജോസഫിന്റെ നേതൃത്വത്തിന് പിന്തുണ നൽകി ഭൂരിഭാഗം ആളുകളും നേരത്തെതന്നെ ഉറച്ചുനിന്നു. പിന്നാലെ മറുപക്ഷത്തേക്കു പോയവരും തിരികെ വന്നു. ജനപ്രതിനിധികളടക്കം ജോസഫ് വിഭാഗത്തിലാണ്. ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തിലൂടെ രാഷ്ട്രീയമായി ഒരു കോട്ടവും ഉണ്ടാകില്ലെന്ന് ജില്ലാ യുഡിഎഫ് ചെയർമാൻ കൂടിയായ വിക്ടർ പറഞ്ഞു.