കോന്നി : അട്ടച്ചാക്കൽ- കുമ്പളാംപൊയ്ക റോഡ് നിർമ്മാണത്തിന് 1.45 കോടി രൂപ കൂടി അധിക തുകയായി അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു .ആദ്യഘട്ടത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 14.62 കോടി രൂപ അനുവദിച്ച് നിർമ്മാണം നടത്തിയിരുന്നു.
എന്നാൽ ഈ തുകയിൽ റോഡ് സേഫ്റ്റി വർക്കുകളും ഡ്രയിനേജ് വർക്കുകളും ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനായാണ് അധികതുക കിഫ്ബിയിൽ നിന്ന് അനുവദിച്ചത്.പതിമൂന്ന് കിലോമീറ്റർ ദൂരമുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ബി.എം.ആൻഡ് ബി.സി ടാറിംഗ് നടത്തി പൂർത്തീകരിച്ചിട്ടുണ്ട്. സൂചനാ ബോർഡ്, അപകടകരമായ സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ, ഡ്രയിനേജ് സൗകര്യം, ഐറിഷ് ഓട തുടങ്ങിയവ നിർമ്മിക്കും. . കോന്നി, മലയാലപ്പുഴ, വടശേരിക്കര പഞ്ചായത്തുകളിലൂടെയാണ് റോഡ് പോകുന്നത്.
കോന്നിയിലെയും മലയാലപ്പുഴയിലെയും മലയോര മേഖലയിലെ ജനങ്ങളും, തോട്ടം തൊഴിലാളികളും പ്രധാനമായും ഉപയോഗിക്കുന്ന റോഡാണിത്. ശബരിമല തീർത്ഥാടകർക്ക് വടശേരിക്കരയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിൽ എത്തുന്നതിനുള്ള പ്രധാന പാതയുമാണ്