ചെങ്ങന്നൂർ: മഹാദേവർ ക്ഷേത്രത്തിന് സമീപം, കിഴക്കേനടയിലെ നവരാത്രി മണ്ഡപത്തിൽ ഇത്തവണ പൂജ വയ്ക്കേണ്ടെന്ന ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെ ഉത്തരവ് പിൻവലിച്ചു. തിരക്കുണ്ടാകുമെന്നതിനാൽ ക്ഷേത്രത്തിനുള്ളിൽ സാമൂഹിക അകലം പാലിച്ച് വിദ്യാരംഭം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തണമെന്നായിരുന്നു ഉത്തരവ്.
ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ ഉൾപ്പെടെ സജി ചെറിയാൻ എം.എൽ.എയെ സമീപിച്ചിരുന്നു.ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവുമായി അദ്ദേഹം ചർച്ച നടത്തിയതിനെ തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നവരാത്രി മണ്ഡപത്തിൽ പ്രാർത്ഥനയ്ക്കും പൂജവയ്ക്കുന്നതിനും ബോർഡ് അനുവാദം നൽകി. വിദ്യാരംഭം ഉൾപ്പെടെയുള്ള ചടങ്ങുകൾ ക്ഷേത്രത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തിൽ നടക്കും.