കോന്നി: കോന്നി നിയോജക മണ്ഡലത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന മൂന്ന് ക്ലസ്​റ്ററുകളിലും നിയന്ത്റണ വിധേയമായി വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
11 പഞ്ചായത്തുകളിലും രോഗ പരിശോധനയ്ക്കായി ക്വാറന്റൈനിലുള്ള ആളുകളെ എത്തിക്കുന്നതിന് ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്. കോന്നി, പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലുള്ളവർക്കായി കോന്നി താലൂക്ക് ആശുപത്രിയിലും മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകൾക്കായി മലയാലപ്പുഴ പി.എച്ച്.സി യിലും, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകൾക്കായി തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലും സീതത്തോട് പഞ്ചായത്തിന് സീതത്തോട് പി.എച്ച്.സി യിലും ചി​റ്റാർ പഞ്ചായത്തിന് പെരുനാട് സി.എച്ച്.സി യിലും കലഞ്ഞൂർ പഞ്ചായത്തിന് ഏനാദിമംഗലം സി.എച്ച്.സി യിലുമാണ് ആംബുലൻസുകൾ ക്രമീകരിച്ചിരിക്കുന്നത്.