anganwadi
മഠത്തുംപടിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച അംഗൻവാടി കെട്ടിടം

റാന്നി: ജില്ലാ പഞ്ചായത്തിന്റെ വികസനപ്പാട്ടാണ് അങ്ങാടി ഡിവിഷനിൽ കേൾക്കുന്നതെന്ന് ജനപ്രതിനിധി എം.ജി.കണ്ണൻ. സ്വദേശം ഒാമല്ലൂരിനടുത്ത് മാത്തൂരാണെങ്കിലും റാന്നി മാമുക്കിൽ വാടക വീട്ടിൽ താമസിച്ചാണ് ഡിവിഷനിലെ വികസന പ്രവർത്തനങ്ങൾക്ക് കണ്ണൻ നേതൃത്വം കൊടുത്തത്.

സംവരണ ഡിവിഷനായിരുന്ന അങ്ങാടിയിൽ എസ്.സി, എസ്.ടി ഫണ്ട് മുഴുവനും ചെലവാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. കുടിവെളള പദ്ധതികൾക്ക് മുൻഗണന നൽകി. ആറ് മീറ്റർ വീതിയിൽ നിരവധി റോഡുകൾ നിർമിച്ചു. പട്ടികജാതി, വർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വീടുകളിൽ പഠന മുറികൾ നിർമിക്കുന്നതിന് അരക്കോടിയോളം രൂപ ചെലവാക്കി.

കുടിവെള്ള പദ്ധതികൾ

ചവറംപ്ളാവ് കുടിവെള്ള പദ്ധതിക്ക് 75ലക്ഷവും

മക്കപ്പുഴ പനവേലിക്കുഴി ജനകീയ കുടിവെള്ള പദ്ധതിക്ക് 45 ലക്ഷവും അനുവദിച്ചു. രണ്ട് പദ്ധതികളുടെയും ‌ടാങ്കും കിണറും നിർമ്മിച്ചു. പൈപ്പ് ലൈൻ, മോട്ടാേർ സ്ഥാപിക്കൽ മാത്രമാണ് ഇനി ബാക്കിയിള്ളത്.

അഞ്ചുകുഴി - കാഞ്ഞിരതാമല പദ്ധതിയുടെ പൈപ്പ് ലൈൻ നീട്ടുന്നതിനും തുക അനുവദിച്ചു.

റോഡ് വികസനം

ഡിവിഷനിലാകെ 8 കോടിയുടെ റോഡ് വികസനം നടന്നു.

വെച്ചൂച്ചിറ കുന്നം - പുള്ളിക്കല്ല് റോഡിന് 35 ലക്ഷവും

മന്ദമരുതി - വലിയകാവ് റോഡിന് 30 ലക്ഷവും അനുവദിച്ചു.

കമ്പത്തോടിലും മന്ദമരുതിയിലും പുതിയ പാലങ്ങൾ നിർമിച്ചു.

പേട്ട അരുവിക്കൽ റോഡ് പുനരുദ്ധരിച്ചു. ഇട്ടിയപ്പാറ - ആനത്തടം റോഡ് നവീകരിച്ചു.

മറ്റ് പദ്ധതികൾ

മഠത്തുംപടിയിൽ പുതിയ അങ്കണവാടി കെട്ടിടം നിർമിച്ചു.

കടുമീൻചിറ, ഇടമുറി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ ഗവ. ഹയർസെക്കൻഡറി സ്കൂളുകളിൽ അറ്റകുറ്റപ്പണി നടത്തി. കവാടം, സ്മാർട്ട് ക്ളാസ് മുറികൾ, ഷീ ടോയ്ലറ്റ്, കമ്പ്യട്ടറുകൾ എന്നിവയ്ക്ക് തുക ചെലവാക്കി.

പട്ടികജാതി, വർഗ കോളനികളിലേക്ക് വൈദ്യുതി വെളിച്ചം എത്തിച്ചു. തെരുവ് വിളക്കുകൾ സ്ഥാപിച്ചു.

പട്ടികജാതി യുവാക്കൾക്ക് തൊഴിൽ പരിശീനത്തിന് തുക ചെലവാക്കി.

പട്ടികജാതി യുവതികൾക്ക് വാദ്യോപകരണങ്ങൾ വാങ്ങുന്നതിന് തുക അനുവദിച്ചു.

'' അഞ്ച് വർഷമായി ഡിവിഷനിലെ മാമുക്കിൽ താമസിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാ വാർഡുകളിലും ശ്രദ്ധ നൽകാൻ കഴിഞ്ഞു. പിന്നാക്ക വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

എം.ജി. കണ്ണൻ.

>>>>>>>>>

ഫണ്ട് മറ്റെവിടയോ ചെലവാക്കി

അങ്ങാടി ഡിവിഷനിലെ അടിസ്ഥാന ആവശ്യങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ചെലവാക്കിയില്ലെന്ന് സി.പി.എം. ജനപ്രതിനിധി തികഞ്ഞപരാജയമായിരുന്നു. മറ്റ് ഡിവിഷനിലെ ജനപ്രതിനിധികൾ ചെലവഴിച്ചതുപോലെ അങ്ങാടി ഡിവിഷനിൽ തുക ചെലവാക്കിയില്ല. ഇപ്പോഴത്തെ പ്രതിനിധി ഇനി മത്സരിക്കാനാവാത്തതുകൊണ്ട് ഡിവിഷനിലേക്ക് അനുവദിച്ച ഫണ്ട് മറ്റെവിടെയൊക്കെയോ നൽകി. ഇത് അന്വേഷിക്കണം. ജില്ലാ പഞ്ചായത്ത് ഫണ്ട് കൊണ്ട് നിരവധി റോഡുകൾ നിർമിക്കാമായിരുന്നു. പൂവൻമല - പനംപ്ളാക്കൽ റോഡ്, വലിയപറമ്പ്പടി - തേരിട്ടുമല റോഡ്, പൊതുമരാമത്ത് വിട്ടുകൊടുത്ത അഞ്ചുകുഴി - മുക്കം റോഡ് , കണ്ണങ്കര - ഇടമുറിപാലം റോഡ്, മണ്ണടിശാല - പരുവ റോഡ് തുടങ്ങി പ്രധാനപ്പെട്ട ജില്ല പഞ്ചായത്ത് റോഡുകൾക്ക് തുക അനുവദിച്ചില്ല. റോഡുകൾ ഇപ്പോഴും തകർന്നു കിടക്കുന്നു.

പി.ആർ. പ്രസാദ്, സി.പി.എം റാന്നി ഏരിയ സെക്രട്ടറി