കോന്നി - ജലജീവൻ പദ്ധതിയിലൂടെ കോന്നി ഗ്രാമപഞ്ചായത്തിൽ 250 പുതിയ കുടിവെള്ള കണക്ഷൻ നൽകാൻ ഗ്രാമപഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. നിലവിൽ ജലനിധിയുമായി ചേർന്നാണ് ജലജീവൻ പദ്ധതി തയ്യാറാക്കുന്നത് 19 ജലനിധി കുടിവെള്ള സമിതികൾ ഇവിടെയുണ്ട്. ഇതിൽ പതിമൂന്നെണ്ണം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. കേന്ദ്ര സർക്കാരുകളുടെയും ഗ്രാമപഞ്ചായത്തിന്റെയും ഗുണഭോക്താക്കളുടെയും വിഹിതം ഉപയോഗിച്ചാണ് പ്രവർത്തനം. ജലനിധി സുസ്ഥിര പദ്ധതിയിൽ ബാക്കി സമിതികളെ കൂടി ഉൾപ്പെടുത്തും. അതിനായി സമിതികൾ ഒക്ടോബർ 20ന് മുമ്പ് അപേക്ഷ നൽകണം. ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതികളായ ഗംഗാ കുടിവെള്ള പദ്ധതി, നിറകുടം കുടിവെള്ള പദ്ധതി മറ്റ് ഉപ കുടിവെള്ള പദ്ധതികൾ എന്നിവ ജലനിധി സുസിസ്ഥിര പദ്ധതിയിൽ ലയിപ്പിച്ച് 250 പുതിയ കുടിവെള്ള കണക്ഷൻ നൽകും. പുതിയതായി ചെറുകിട പദ്ധതികൾ തുടങ്ങാനും നടപടി തുടങ്ങി. ഇതിന്റെ് ഭാഗമായി 18ാം വാർഡിൽ പ്രാഥമിക നടപടികൾ ആരംഭിച്ചു . കൂടാതെ പട്ടികജാതി കോളനി കേന്ദ്രീകരിച്ച് കുടിവെള്ളം എത്തിക്കുന്നതിനുള്ള പുതിയ പദ്ധതികൾ തയ്യാറാക്കിവരുന്നതായി പ്രസിഡന്റ് രജനി എം അറിയിച്ചു.