ചെങ്ങന്നൂർ : മദ്ധ്യതിരുവിതാംകൂറിലെയും ആലപ്പുഴ ജില്ലയിലേയും സിവിൽ സർവീസ് മോഹികളായ കുട്ടികളും അവരുടെ രക്ഷാകർത്താക്കളും ഏറെ പ്രതീക്ഷയോടെ കണ്ട പ്രഖ്യാപനമാണ് 2014ൽ അനുവദിച്ച സിവിൽ സർവീസ് പരിശീലന കേന്ദ്രം. അന്ന് ചെങ്ങന്നൂരിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 10,12 ക്ലാസ് വിദ്യാർഥികൾക്കായി അഭിരുചി ക്ലാസുകൾ മാത്രമാണ് നടക്കുന്നത്. അഞ്ചു മാസത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയാക്കി പരിശീലന ക്ലാസുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടെ 2014 ജൂലായ് 31ന് ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു നിർവഹിച്ചത്. പി.സി വിഷ്ണുനാഥ് എം.എൽ.എ ആയിരുന്നപ്പോൾ ഒന്നരക്കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായിട്ട് കെട്ടിടം വിഭാവനം ചെയ്തത്.വെർച്വൽ ക്ലാസ്റൂം അടക്കം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പഠനമായിരുന്നു ലക്ഷ്യം. മേൽക്കൂരയടക്കമുള്ള വാർപ്പുകഴിഞ്ഞു. തേപ്പു ജോലികളും പൂർത്തിയായി.തുടർന്ന് ഫണ്ട് പാസാകാത്തതിനാൽ പണി മുടങ്ങി.
തുക അനുവദിച്ചു, ആറു മാസത്തിനകം തുടങ്ങുമെന്ന് ധാരണ
പിന്നീട് സജിചെറിയാൻ എം.എൽ.എ ഇടപെട്ട് 2018 ജൂലൈയ് 12ന് മന്ത്രി സി.രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു. കെട്ടിടം പണിയുടെ തടസങ്ങൾ മാറ്റുന്നതിന്, ലാപ്സായതുക വീണ്ടും അനുവദിക്കുവാനും കെട്ടിടത്തിന്റെ തറവിസ്തീർണം ആറായിരം ചതുരശ്ര അടിയായി വർദ്ധിപ്പിക്കാനും തീരുമാനിച്ചു. കരാറുകാരായ ഹാബിറ്റാറ്റിന് നൽകാനുള്ള തുക ഉടൻ അനുവദിക്കുമെന്നും യോഗത്തിൽ തീരുമാനമായി.കെട്ടിടം പണി പൂർത്തിയാക്കി ആറു മാസത്തിനകം ക്ലാസ് തുടങ്ങുമെന്നും ധാരണയായി.
തൊഴിലാളികളില്ല, പണി വീണ്ടും ഇഴയുന്നു
എന്നാൽ ഈ മാസം രണ്ട് മുതലാണ് പണികൾ ആരംഭിച്ചെങ്കിലും രണ്ട് തൊഴിലാളികൾ മാത്രമാണ് പണിക്കുള്ളത്. കെട്ടിടത്തിന്റെ തറവിസ്തീർണം ആറായിരം ചതുരശ്ര അടിയായി വർദ്ധിപ്പിക്കേണ്ടതും, തേപ്പ് പൂർത്തിയാക്കിയ കെട്ടിടത്തിന്റെ തറയിടീൽതൊട്ട് പ്ലംബിംഗ്,വയറിംഗ് തുടങ്ങിയുള്ള പണികൾ ഇനിയും ആരംഭിച്ചിട്ടില്ല.
-2014ൽ ശിലാ സ്ഥാപനം