
തണ്ണിത്തോട്: മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ആവശ്യമായ പട്ടയം ഇത്തവണ യാഥാർത്ഥ്യമാവുമെന്ന പ്രതീക്ഷയാണുള്ളത്. 5677 കൈവശകർഷകർ പട്ടയത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ജണ്ടയ്ക്ക് പുറത്ത് പട്ടയം നല്കുന്നതിനെ വനംവകുപ്പ് എതിർക്കുന്നില്ല. ഇത് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്.
2016ൽ യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് ചിറ്റാറിൽ പട്ടയമേള നടത്തിയെങ്കിലും, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ വിതരണം ചെയ്ത പട്ടയങ്ങൾ റദ് ചെയ്യപ്പെട്ടു. പിന്നീടു വന്ന എൽ.ഡി.എഫ് സർക്കാർ വനം, റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ചു. ജില്ലാ കളക്ടർ,റാന്നി കോന്നി വനം ഡിവിഷൻ ഓഫീസർമാർ എന്നിവർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചതിനെ തുടർന്ന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്രാനുമതിക്കായി നൽകി.
റവന്യൂ വകുപ്പിന്റെ ഉത്തരവനുസരിച്ച് റവന്യൂരേഖകളിൽ പുരയിടം, തരിശ്, നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്തുള്ളതുമായ കൈവശഭൂമി 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നല്കുന്നതിന് അനുമതിയുണ്ട്. കേന്ദ്രാനുമതി ലഭിച്ചാലുടൻ പട്ടയ വിതരണം നടത്താമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. പട്ടയം ലഭിക്കാനുള്ള കൃഷിയിടങ്ങളിൽ മിക്കവയും 1945 മുതൽ കർഷകരുടെ അധീനതയിലാണ്. സർ സി.പി.യുടെ കാലത്ത് കൃഷി ചെയ്യാൻ വിട്ടു നൽകിയ സ്ഥലങ്ങളാണ് ഇതിലേറെയും.
പട്ടയം ലഭിക്കുന്നത്
ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, കലഞ്ഞൂർ, അരുവാപ്പുലം എന്നീ വില്ലേജുകളിലെ കൈവശകർഷകർക്ക്.
കേന്ദ്രാനുമതി ലഭിച്ചാലുടൻ പട്ടയ വിതരണത്തിനുള്ള നടപടികൾ തുടങ്ങും. ഉപാധിരഹിത പട്ടയമാവും വിതരണം ചെയ്യുക.
കെ.യു.ജനീഷ് കുമാർ എം.എൽ.എ