18-thonipuzha-road
പദ്ധതിയിൽ 3.81 കോടി രൂപ ചെലവഴിച്ച് നവീകരിച്ച ഇടയ്ക്കാട് മാർക്കറ്റ് തോന്നിപ്പുഴ റോഡ് ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയുന്നു.

തടിയൂർ : . പി. എം.ജി.വൈ. എസ്.പദ്ധതിയിൽ ഉൾപ്പെടുത്തി 3.81 കോടി രൂപ ചെലവിൽ ഇടയ്ക്കാട് മാർക്കറ്റ് തോണിപ്പുഴ റോഡ് നവീകരിച്ചു.
തോട്ടപ്പുഴശേരി എഴുമറ്റൂർ അയിരൂർ ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് വഴിയൊഴുകുന്ന പാതയാണിത്. റാന്നി ആറന്മുള നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നു . എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ തോണിപ്പുഴ ജംഗ്ഷനിൽ അവസാനിക്കുന്ന 4 കിലോമീറ്റർ ദൂരമാണ് ഉന്നത നിലവാരത്തിൽ വികസിപ്പിച്ചത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് റോഡ്. ചരൽക്കുന്ന്, അഴുവികുഴി, തെളിയൂർകാവ് പ്രദേശങ്ങൾ റോഡിന് സമീപത്താണ്. ജില്ലാ ആസ്ഥാനത്തേക്കും റാന്നി, കോഴഞ്ചേരി,തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിലേക്കുമുള്ള എളുപ്പമാർഗം കൂടിയാണ്.

മലമുകളിൽ നിന്ന് വരുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് ഇന്റർലോക്ക് ഉപയോഗിച്ച് ചപ്പാത്തും നിർമ്മിച്ചു. പ്രമാടത്തുപാറ, ചിറയിറമ്പ് നാലുമണിക്കാറ്റ്, മയിലാടുംപാറ, പെരുമ്പാറ, ചരൽക്കുന്ന്, അരുവിക്കുഴിവെള്ളച്ചാട്ടം തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി വിനോദസഞ്ചാര വികസനത്തിനും സാദ്ധ്യതകളേറി. സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, ആന്റോ ആന്റണി എം. പിക്ക് നേരത്തേ നിവേദനം നൽകിയിരുന്നു.

ആന്റോ ആന്റണി എം. പി. റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇടയ്ക്കാട് മാർക്കറ്റ്- വാളകുഴി -നരകത്താനി റോഡ് 3.81കോടി രൂപ ചെലവിൽ നിർമ്മിക്കുന്നതിന് നടപടിയായതായി അദ്ദേഹം പറഞ്ഞു. രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ കൃഷ്ണകുമാർ, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ഫിലിപ്പ് മോനായി, അല്ലി അബിനിക്കാട്, ഡി ശ്രീരാജ്, ജേക്കബ് ഇമ്മാനുവേൽ, പി സി തോമസ്, എബ്രഹാം മാത്യു ചക്കിട്ടയിൽ എന്നിവർ പ്രസംഗിച്ചു.