18-naniamma
103 -ാം പിറന്നാൾ ആഘോഷിക്കുന്ന നാണിയമ്മയെ എസ്.എച്ച്.ഒ എം.ആർ സുരേഷ് പൊന്നാട അണിയിക്കുന്നു

പന്തളം: കുളനട കൈപ്പുഴ നോർത്ത് കുഴിപ്പാറതെക്കേതിൽ വീട്ടിൽ നാണിയമ്മയ്ക്ക് ഇന്നലെ 103-ാം പിറന്നാളായിരുന്നു. കേക്ക് മുറിച്ചും ആശംസകൾ പകർന്നും ആഘോഷം കേമമാക്കാൻ പാെലീസുകാരും എത്തിയതോടെ ഹാപ്പി ബർത്ത് ഡേയായി.

തുലാം മാസം ഒന്നിന് ജനിച്ച നാണിയമ്മയ്ക്ക് 103 വയസാവുന്ന വിവരം ഇലവുംതിട്ട ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ. പ്രശാന്ത് എന്നിവരോട് കഴിഞ്ഞായഴ്ചയാണ് മകൻ 74 വയസുള്ള ദാമോദരൻ പറയുന്നത്. പ്രായത്തിന്റെ അവശതയും മറ്റുആരോഗ്യ പ്രശ്നങ്ങളുമില്ലാത്ത നാണിയമ്മയുടെ വിവരം ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലുമെത്തിയതോടെ പിറന്നാൾ ആഘോഷമാക്കാൻ തീരുമാനിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാണിയമ്മയെ കാണാൻ ഇന്നലെ പൊലീസുകാരെത്തിയത് വീട്ടുകാർക്കും അയൽവാസികൾക്കും അത്ഭുതമായി. എസ്.എച്ച്.ഒ എം.ആർ സുരേഷ് പൊന്നാട അണിയിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർ ഷാ, ആർ.പ്രശാന്ത് എന്നിവർ ചേർന്ന് പുതുവസ്ത്രം നല്കി. നാണിയമ്മ കേക്ക് മുറിച്ചു. പൊലീസുദ്യോഗസ്ഥർ റോസാപ്പൂ നല്കി ആദരിച്ചു. എസ്.ഐ, അശോക് കുമാർ, എ.എസ്.ഐ അജയകുമാർ, കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.സജു, പൊലീസുദ്യോഗസ്ഥരായ രാജശേഖരൻ, സന്തോഷ്, താജുദീൻ, ശ്യാംകുമാർ, നിധീഷ്, അജിത്, വോളണ്ടിയർ അശോക് മലഞ്ചരുവിൽ എന്നിവർ നേതൃത്വം നല്കി. ജീവിതത്തിൽ ആദ്യമായി നടന്ന ജന്മദിന ആഘോഷം സംഘടിപ്പിച്ച പൊലീസിനെ ഒരിക്കലും മറക്കില്ലായെന്ന നാണിയമ്മയുടെ വാക്കുകൾ പൊലീസിനുള്ള അംഗീകാരമായി.