തിരുവല്ല: നിർമ്മാണം നടത്തി രണ്ട് മാസം പിന്നിട്ടപ്പോൾ തകർന്ന കാവുംഭാഗം അഞ്ചൽക്കുറ്റി - ഐപ്പ് ജംഗ്ഷൻ റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. റോഡിലെ തകർന്ന തറയോടുകൾ മാറ്റുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്. 12 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മാസം മുമ്പ് തറയോട് പാകിയ റോഡിന്റെ തകർച്ച സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. ഇതേതുടർന്നാണ് നടപടി. റോഡിന്റെ വിവിധ ഭാഗങ്ങലെ പൊട്ടിത്തകർന്ന് കിടക്കുന്ന തറയോടുകൾ ഇളക്കി മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്.തിരുവല്ല നഗരസഭ 32-ാം വാർഡിൽ ഉൾപ്പെടുന്ന പ്രധാന റോഡാണിത്. റോഡിന്റെ തകർച്ചയും പതിവാകുന്ന വെള്ളക്കെട്ടും മൂലമുള്ള യാത്രാ ദുരിതം സംബന്ധിച്ച പരാതികളെ തുടർന്നാണ് റോഡിൽ തറയോട് പാകുന്നതിനായി നഗരസഭ 12 ലക്ഷം രൂപ അനുവദിച്ചത്. ഈ റോഡാണ് നിർമ്മാണം പൂർത്തിയാക്കി രണ്ട് മാസം പിന്നിടുമ്പോൾ തകർന്നത്.
-12 ലക്ഷം അനുവദിച്ചു
-തകർന്ന തറയോടുകൾ മാറ്റും
- നഗരസഭ 32-ാം വാർഡിൽ ഉൾപ്പെടുന്ന പ്രധാന റോഡ്
റോഡ് നിർമ്മിച്ച കരാർ കമ്പനിയാണ് അറ്റകുറ്റപ്പണിയും നടത്തുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതം നിരോധിച്ച റോഡ് നിർമ്മാണം പൂർത്തിയാക്കി ഉടനെ തുറന്നു നൽകും.
വി.സജികുമാർ
(നഗരസഭാ സെക്രട്ടറി)